ഫിഡെ വനിതാ ചെസ് ലോകകപ്പിന്റെ സെമിയിലേക്ക് മുന്നേറി ചരിത്രമെഴുതി ഇന്ത്യയുടെ സൂപ്പർ താരം കൊനേരു ഹംപി. വനിതാ ചെസ് ലോകകപ്പിന്റെ സെമിയിലെത്തുന്ന ആദ്യ ഇന്ത്യൻ വനിതാ താരമായി ഹംപി മാറി. ചൈനയുടെ യുസിൻ സോങിനെതിരായ പോരാട്ടത്തിൽ സമനില പിടിച്ചാണ് താരത്തിന്റെ മുന്നേറ്റം.
ചൈനീസ് താരത്തിനെതിരായ ക്ലാസിക്ക് പോരാട്ടത്തിന്റെ ആദ്യ ഗെയിമിൽ ഹംപി വിജയം സ്വന്തമാക്കിയിരുന്നു. രണ്ടാം ഗെയിമിൽ അര പോയിന്റ് നേടിയാൽ ഹംപിക്കു സെമി ഉറപ്പിക്കാമായിരുന്നു. താരം ലക്ഷ്യത്തിലെത്തുകയും ചെയ്തു. ഇന്ത്യയുടെ മറ്റു താരങ്ങളായ ഡി ഹരികയും ദിവ്യ ദേശ്മുഖും ക്വാർട്ടറിൽ നേർക്കുനേർ വന്നു. പോരാട്ടം സമനിലയിൽ അവസാനിച്ചു. ഇരുവരും ഇന്ന് റാപ്പിഡ്, ബ്ലിറ്റ്സ് ടൈബ്രേക്കറിൽ ഏറ്റുമുട്ടും. ഒരാൾ സെമിയിലെത്തുന്നതിനാൽ ഹംപിയ്ക്കൊപ്പം മറ്റൊരു ഇന്ത്യൻ താരം കൂടി സെമി കളിക്കുമെന്നും ഉറപ്പായി.

