Headlines

സൽമാൻ രാജാവിന്‍റെ ഉത്തരവ്; സൗദി ജയിലുകളിലുള്ള തടവുകാർക്ക് പൊതുമാപ്പ്​

സൗദി അറേബ്യയിലെ വിവിധ ജയിലുകളിൽ കഴിയുന്ന തടവുകാരെ മോചിപ്പിക്കുന്നതിനുള്ള നടപടികൾ ആഭ്യന്തര മന്ത്രാലയം ഔദ്യോഗികമായി ആരംഭിച്ചു. സാധാരണ കുറ്റകൃത്യങ്ങളിൽ ശിക്ഷിക്കപ്പെട്ട തടവുകാർക്കാണ് ഭരണാധികാരി സൽമാൻ രാജാവിന്‍റെ പ്രത്യേക നിർദേശപ്രകാരം ഈ ഇളവ് ലഭിക്കുന്നത്. മാപ്പ് അനുവദിക്കപ്പെട്ടവരുടെ മോചന നടപടികൾ എത്രയും വേഗത്തിൽ പൂർത്തിയാക്കാനും അവർക്ക് കുടുംബാംഗങ്ങളോടൊപ്പം ചേരാനുള്ള സാഹചര്യമൊരുക്കാനും മന്ത്രാലയം ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്ക് നിർദേശം നൽകി.

സൽമാൻ രാജാവിന്‍റെയും കിരീടാവകാശിയും പ്രധാനമന്ത്രിയുമായ മുഹമ്മദ് ബിൻ സൽമാന്‍റെയും പ്രത്യേക താൽപ്പര്യപ്രകാരമാണ് ഈ മാനുഷിക നടപടി കൈക്കൊണ്ടിരിക്കുന്നത്. തടവുകാരോടും അവരുടെ കുടുംബങ്ങളോടും ഭരണകൂടം കാണിക്കുന്ന ഈ വലിയ കാരുണ്യത്തിന് ആഭ്യന്തര മന്ത്രി അമീർ അബ്ദുൽ അസീസ് ബിൻ സഊദ് ബിൻ നായിഫ് നന്ദി അറിയിച്ചു. സൽമാൻ രാജാവിൻ്റെ ഈ തീരുമാനം ജയിൽ ശിക്ഷ അനുഭവിക്കുന്ന നിരവധി വിദേശികൾക്കും സ്വദേശികൾക്കും വലിയ ആശ്വാസമാണ് പകരുന്നത്.

ശിക്ഷിക്കപ്പെട്ടവരെ സമൂഹത്തിന്‍റെ മുഖ്യധാരയിലേക്ക് തിരികെ കൊണ്ടുവരാനും അവരെ മികച്ച പൗരന്മാരായി മാറ്റാനുമാണ് ഈ പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്. രാജകീയ ഉത്തരവ് നടപ്പാക്കുന്നതിനായി ബന്ധപ്പെട്ട എല്ലാ സുരക്ഷാ വകുപ്പുകൾക്കും ആഭ്യന്തര മന്ത്രി നിർദേശം നൽകിയിട്ടുണ്ട്.

Leave a Reply