'ടീച്ചർ' എന്ന് പൊതു അഭിസംബോധന വേണ്ട; ബാലാവകാശ കമ്മിഷൻ നിർദേശം നടപ്പാക്കില്ല
സ്കൂൾ അധ്യാപകരെ ആൺ-പെൺ ഭേദമില്ലാതെ 'ടീച്ചർ' എന്ന് അഭിസംബോധന ചെയ്യണമെന്ന ബാലാവകാശ കമ്മിഷൻ നിർദേശം പൊതുവിദ്യാഭ്യാസവകുപ്പ് നടപ്പാക്കില്ല. ഇപ്പോഴുള്ള രീതി തുടർന്നാൽ മതിയെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ അധ്യക്ഷതയിൽ ചേർന്ന വിദ്യാഭ്യാസ ഗുണനിലവാരസമിതി (ക്യു.ഐ.പി.) യോഗത്തിൽ തീരുമാനിച്ചു. ഇതേ നിലപാടിലാണ് അധ്യാപകസംഘടനാനേതാക്കളും. ഇക്കാര്യം കമ്മിഷനെ ഔദ്യോഗികമായി സർക്കാർ അറിയിക്കും.
ലിംഗതുല്യത പ്രതിഫലിപ്പിക്കുന്ന രീതിയിൽ 'ടീച്ചർ' എന്ന പൊതുസംബോധന മതിയെന്നാണ് കമ്മിഷൻ പുറപ്പെടുവിച്ചിട്ടുള്ള ഉത്തരവ്. ഇതു നടപ്പാക്കാൻ പൊതുവിദ്യാഭ്യാസവകുപ്പിന് നിർദേശവും നൽകിയിരുന്നു.
അധ്യാപകരെ കുട്ടികൾ എങ്ങനെ അഭിസംബോധന ചെയ്യണമെന്ന് നിലവിൽ ഉത്തരവുകളൊന്നുമില്ലെന്ന് ക്യു.ഐ.പി. യോഗത്തിൽ വിശദീകരിച്ചു. പ്രത്യേക അഭിസംബോധനയുടെ ആവശ്യമില്ലെന്ന് സംഘടനാനേതാക്കളും നിലപാട് വ്യക്തമാക്കി. നേതാക്കളായ എൻ.ടി. ശിവരാജൻ, പി.കെ. അരവിന്ദൻ, പി.കെ. മാത്യു, എം. തമീമുദ്ദീൻ, ഹരീഷ് കടവത്തൂർ, കെ.എം. അബ്ദുള്ള, പി.എസ്. ഗോപകുമാർ, പി. രാജീവ്, എം. ജോസഫ് വർഗീസ് തുടങ്ങിയവർ യോഗത്തിൽ പങ്കെടുത്തു.