ശബരിമല സ്വർണക്കൊള്ളക്കേസിൽ തിരുവിതാംകൂർ ദേവസ്വം ബോർഡ് മുൻ പ്രസിഡന്റ് എം. പത്മകുമാർ സമർപ്പിച്ച ജാമ്യാപേക്ഷ ഹൈക്കോടതി മറ്റൊരു ദിവസത്തേക്ക് പരിഗണിക്കാൻ മാറ്റി. കേസ് അതീവ ഗുരുതര സ്വഭാവമുള്ളതാണെന്നും പെട്ടെന്ന് തീരുമാനമെടുക്കാൻ സാധിക്കുന്ന ഒന്നല്ലെന്നും കോടതി നിരീക്ഷിച്ചു. ജസ്റ്റിസ് ബദറുദ്ദീന്റെ ബെഞ്ചിലാണ് ഹർജി പരിഗണനയ്ക്ക് വന്നത്. കേസിൽ വിശദമായ വാദം കേൾക്കേണ്ടതുണ്ടെന്ന് വ്യക്തമാക്കിയ കോടതി, ഹർജി ഫയലിൽ സ്വീകരിക്കുകയും ക്രിസ്മസ് അവധിക്ക് ശേഷം വീണ്ടും പരിഗണിക്കാൻ തീരുമാനിക്കുകയുമായിരുന്നു.
നേരത്തെ വിജിലൻസ് കോടതി ജാമ്യാപേക്ഷ തള്ളിയതിനെ തുടർന്നാണ് പത്മകുമാർ ഹൈക്കോടതിയെ സമീപിച്ചത്. പത്മകുമാറിനെതിരെയുള്ള രണ്ട് കേസുകളിൽ ഒന്നിലാണ് ഇപ്പോൾ ജാമ്യാപേക്ഷ നൽകിയിരിക്കുന്നത്. പത്മകുമാറിനെതിരെ ഉയർന്നിട്ടുള്ള ആരോപണങ്ങൾ ഗൗരവകരമാണെന്നും അതിനാൽ ആഴത്തിലുള്ള പരിശോധന ആവശ്യമാണെന്നും കോടതി വ്യക്തമാക്കി. ഇതോടെ ക്രിസ്മസ് അവധി കഴിയുന്നത് വരെ പത്മകുമാറിന് ജയിലിൽ തുടരേണ്ടി വരും.

