ബലാത്സംഗ പരാതിയിൽ റാപ്പർ വേടൻ ചോദ്യം ചെയ്യലിന് ഹാജരായി

യുവ ഡോക്ടർ നൽകിയ ബലാത്സംഗ പരാതിയിൽ റാപ്പർ വേടൻ ചോദ്യം ചെയ്യലിന് ഹാജരായി. തൃക്കാക്കര പോലീസ് സ്റ്റേഷനിൽ രാവിലെ ഒൻപതരയോടെയാണ് ഹാജരായത്. ഹൈക്കോടതി വേടന് മുൻകൂർ ജാമ്യം അനുവദിച്ചിട്ടുള്ളതിനാൽ ചോദ്യം ചെയ്യലിന് ശേഷം അറസ്റ്റ് ചെയ്ത് ജാമ്യത്തിൽ വിട്ടയക്കും.

വേടന്റെ വീട്ടിൽ പോലീസ് പരിശോധന നടത്തുകയും മൊബൈൽ ഫോൺ ഉൾപ്പെടെയുള്ള തെളിവുകൾ ഫോറൻസിക് പരിശോധനയ്ക്ക് അയക്കുകയും ചെയ്തിട്ടുണ്ട്.അതേസമയം കഴിഞ്ഞ ദിവസം കോന്നിയിൽ നടന്ന സംഗീത പരിപാടിയിൽ താൻ എവിടെയും ഒളിച്ചോടില്ലെന്നും ജനങ്ങൾക്ക് മുന്നിൽ ജീവിച്ചു മരിക്കാനാണ് തന്റെ തീരുമാനമെന്നും വേടൻ പറഞ്ഞിരുന്നു.

സൗഹൃദം നടിച്ച് പ്രണയത്തിലാവുകയും പിന്നീട് വിവാഹ വാഗ്ദാനം നൽകി രണ്ട് വർഷത്തിനിടെ അഞ്ചു തവണ ലൈംഗികമായി പീഡിപ്പിക്കുകയും പാട്ട് പുറത്തിറക്കാൻ എന്ന പേരിൽ 31,000 രൂപ തട്ടിയെടുക്കുകയും ചെയ്തു എന്നാണ് പരാതിയിലെ ആരോപണം. 2021 ഓഗസ്റ്റ് മുതൽ 2023 മാർച്ച് വരെ അഞ്ച് സന്ദർഭങ്ങളിലായി കോഴിക്കോട്, കൊച്ചി ഏലൂരിലെ സുഹൃത്തിന്റെ വീട്, തന്റെ ഫ്‌ലാറ്റ് എന്നിവിടങ്ങളിൽവെച്ച് പീഡിപ്പിച്ചതായാണ് യുവ ഡോക്ടറുടെ പരാതി. വേടനുമായി സാമ്പത്തിക ഇടപാടുകൾ നടന്നിട്ടുണ്ടെന്നും താൻ മാനസികമായി തകർന്നുപോയെന്നും പരാതിയിൽ പറയുന്നു.


Discover more from Radio Keralam 1476 AM News

Subscribe to get the latest posts sent to your email.

Leave a Reply