എംഎസ്‌സി എൽസ-3 കപ്പലപകടവുമായി ബന്ധപ്പെട്ട നഷ്ടപരിഹാരക്കേസിൽ 1227 കോടി 62 ലക്ഷം രൂപയുടെ ബാങ്ക് ഗ്യാരന്റി ഹൈക്കോടതിയിൽ സമർപ്പിച്ചു. മെഡിറ്ററേനിയൻ ഷിപ്പിംഗ് കമ്പനി സ്റ്റാൻഡേർഡ് ചാർട്ടേഡ് ബാങ്ക് വഴിയാണ് ഈ തുക കെട്ടിവെച്ചത്. ഇതിന്റെ അടിസ്ഥാനത്തിൽ, കേസിനെ തുടർന്ന് അധികൃതർ പിടിച്ചുവെച്ചിരുന്ന കമ്പനിയുടെ മറ്റൊരു കപ്പലായ എംഎസ്‌സി അകിറ്റേറ്റ-2 വിട്ടയക്കാൻ ഹൈക്കോടതി സിംഗിൾ ബെഞ്ച് ഉത്തരവിട്ടു.
അപകടത്തെത്തുടർന്നുണ്ടായ എണ്ണച്ചോർച്ച, പരിസ്ഥിതി മലിനീകരണം, മത്സ്യത്തൊഴിലാളികളുടെ ഉപജീവന നഷ്ടം എന്നിവ ചൂണ്ടിക്കാട്ടി 9531 കോടി രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ട് സംസ്ഥാന സർക്കാർ നൽകിയ ഹർജിയിലാണ് കോടതിയുടെ ഈ ഇടക്കാല ഉത്തരവ്. അഡ്മിറാലിറ്റി സ്യൂട്ടിലെ അന്തിമ വിധി അനുകൂലമായാൽ ഈ ബാങ്ക് ഗ്യാരന്റിയും പലിശയും കേരളത്തിന് ലഭിക്കും. ഹർജിയിൽ ഫെബ്രുവരി 13-ന് കോടതി വിശദമായ വാദം കേൾക്കും.
2025 മെയ് 24-നാണ് കേരള തീരത്തുനിന്ന് 38 നോട്ടിക്കൽ മൈൽ അകലെ അറബിക്കടലിൽ വെച്ച് എംഎസ്‌സി എൽസ-3 അപകടത്തിൽപ്പെട്ടത്. കപ്പലിലെ കണ്ടൈനറുകളിൽ നിന്ന് പുറംതള്ളിയ മാലിന്യങ്ങൾ നീക്കം ചെയ്യുന്നതിനും വലിയ തുക ചിലവഴിക്കേണ്ടി വരുമെന്ന് സർക്കാർ കോടതിയെ അറിയിച്ചിരുന്നു.
Discover more from Radio Keralam 1476 AM News
Subscribe to get the latest posts sent to your email.

