'സിംഹാസനത്തിൽ ഇരിക്കുന്നവർ അധികാരത്തിന്റെ രുചി അറിഞ്ഞവർ, അവരോട് പറയാനുള്ളത് സിംഹാസനത്തിൽ നിന്ന് ഒഴിയൂ എന്നാണ്'; എം.മുകുന്ദൻ
എംടിക്ക് പിന്നാലെ ഭരണകൂടത്തിനെതിരെ വിമർശനവുമായി സാഹിത്യകാരൻ എം മുകുന്ദനും രംഗത്ത്. തിരഞ്ഞെടുപ്പ് ഇനിയും വരുമെന്നും ചോരയുടെ മൂല്യം ഓർക്കണമെന്നും ഇതു ഓർത്തുകൊണ്ടാകണം വോട്ടു ചെയ്യേണ്ടതെന്ന് അദ്ദേഹം പറഞ്ഞു.
''നാം ജീവിക്കുന്നത് കിരീടങ്ങൾ വാഴുന്ന കാലത്ത് ആണ്. ചോരയുടെ പ്രാധാന്യം കുറഞ്ഞു വരുന്നു. സിംഹാസനത്തിൽ ഇരിക്കുന്നവർ അധികാരത്തിന്റെ രുചി അറിഞ്ഞവരാണ്. അവരോട് പറയാനുള്ളത് സിംഹാസനത്തിൽ നിന്ന് ഒഴിയൂ എന്നാണ്. ജനം പിന്നാലെയുണ്ട്''- കേരള ലിറ്ററേച്ചർ ഫെസ്റ്റിവലിലാണ് (കെഎൽഎഫ്) മുകുന്ദന്റെ വിമർശനം.
ഭരണാധികാരി എറിഞ്ഞുകൊടുക്കുന്ന ഔദാര്യത്തുണ്ടുകളല്ല സ്വാതന്ത്ര്യമെന്നായിരുന്നു എം.ടി.വാസുദേവൻ നായരുടെ വിമർശനം. അധികാരം ആധിപത്യമോ സർവാധിപത്യമോ ആകാമെന്നതാണ് എവിടെയും സ്ഥിതി. അധികാരം ജനസേവനത്തിനുള്ള അവസരമെന്ന സിദ്ധാന്തം പണ്ടേ കുഴിവെട്ടി മൂടിയെന്നും കെഎൽഎഫിൽ മുഖ്യാതിഥിയായി നടത്തിയ പ്രസംഗത്തിൽ അദ്ദേഹം തുറന്നടിച്ചിരുന്നു. ഉദ്ഘാടകനായ മുഖ്യമന്ത്രി പിണറായി വിജയന്റെ സാന്നിധ്യത്തിലായിരുന്നു എംടിയുടെ വിമർശനം.