ശ്രീരാമൻ പുറന്തള്ളപ്പെട്ടവരുടെ ജീവിതം എഴുതിയ കഥാകാരൻ: വൈശാഖൻ

വസ്തു അപഹരിക്കപ്പെട്ടവരുടെ മാത്രമല്ല, ജീവിതത്തിൽ നിന്ന് പുറത്താക്കപ്പെട്ടവരുടയും കഥകൾ മലയാളിക്ക് പറഞ്ഞുതന്ന കഥാകാരനായിരുന്നു
സി.വി.ശ്രീരാമൻ എന്ന് കഥാകൃത്ത് വൈശാഖൻ അഭിപ്രായപ്പെട്ടു. അയനം- സി.വി ശ്രീരാമൻ കഥാ പുരസ്കാരം സിതാര എസിന് നൽകി കോ-ഓപ്പറേറ്റീവ് കോളേജിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.നാം ജീവിക്കുന്ന കാലത്തെ സ്ത്രീത്വത്തിൻ്റെ ബഹുസ്വരമായ പൊള്ളലുകളുടെ അമ്ലഭാഷയാണ് സിതാരയുടേത്. ജീവൻ്റെ മുന്നോട്ടു പോക്കിനുള്ള എല്ലാ സജ്ജീകരണങ്ങളും പ്രകൃതി സ്ത്രീയിലാണ് സ്ഥാപിച്ചിട്ടുള്ളതെന്നും, അവരെ രണ്ടാംതരം പൗരരാക്കി പിന്നാക്കം തള്ളിയ ഒരു കാലത്തെ അതിജീവിക്കുന്നവയാണ് സിതാരയുടെ രചനകളെന്നും വൈശാഖൻ പറഞ്ഞു. മനസ്സ് മനസ്സിനോട് സംവദിക്കുമ്പോഴാണ് സഹൃദയത്വം ഉണ്ടാവുക, ആ സഹൃദയത്വത്തിൻ്റെ സാഫല്യം സി.വി. ശ്രീരാമനിലും സിതാരയിലും കാണാമെന്നും വൈശാഖൻ കൂട്ടിച്ചേർത്തു.

ഏതെങ്കിലും തരത്തിലുള്ള പ്രത്യയശാസ്ത്രങ്ങളോടു ചേർന്നു നിൽക്കുന്ന എഴുത്തുകാരുടെ രചനകൾ മുദ്രാവാക്യ സമാനമായിരിക്കുമെന്ന പരമ്പരാഗത ധാരണ തെറ്റാണെന്നു തെളിയിക്കുന്ന സർഗ്ഗാത്മക രചനകളാണ് സി.വി. ശ്രീരാമൻ നിർവ്വഹിച്ചത്. രാഷ്ടീയ പ്രവർത്തനത്തിൽ മുഴുകിയപ്പോഴും ഒന്നാംനിര കഥാകൃത്തായിരിക്കുകയും, തൻ്റെ രചനകളിൽ സ്വന്തം പാർട്ടിയുടെ തെറ്റായ പ്രവണതകളെ വിമർശിക്കുകയും ചെയ്ത പ്രതിഭാശാലിയായിരുന്നു സി.വി.യെന്നും അനുസ്മരണ പ്രഭാഷണത്തിൽ ഡോ. എൻ.ആർ. ഗ്രാമപ്രകാശ് പറഞ്ഞു.

അയനം സാംസ്കാരികവേദി വൈസ്. ചെയർമാൻ സുബീഷ് തെക്കൂട്ട് അധ്യക്ഷത വഹിച്ച ചടങ്ങിൽ എഴുത്തുകാരായ എം.എസ്. ബനേഷ്, ശൈലൻ, ഡോ. കലാ സജീവൻ, ഡോ. സ്വപ്ന സി. കോമ്പാത്ത്, ടി.എം. അനിൽകുമാർ, എം.ആർ. മൗനീഷ്, ടി.എസ്. സജീവൻ, അനഘേഷ് രവി എന്നിവർ സംസാരിച്ചു.


Discover more from Radio Keralam 1476 AM News

Subscribe to get the latest posts sent to your email.

Leave a Reply