കേരളത്തിന്റെ പൊതുവായ സ്ഥിതിയും കഴിഞ്ഞ പത്ത് വർഷത്തെ വികസന നേട്ടങ്ങളുമാണ് വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിലെ എൽഡിഎഫിന്റെ ആത്മവിശ്വാസമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ വാർത്താസമ്മേളനത്തിൽ പറഞ്ഞു. കഴിഞ്ഞ പത്ത് വർഷത്തിനിടയിൽ ജനങ്ങളുടെ ജീവിതാനുഭവങ്ങളിൽ വന്ന മാറ്റം ജനവിധിയിൽ പ്രതിഫലിക്കുമെന്നും കൂടുതൽ സീറ്റുകളോടെ എൽഡിഎഫ് അധികാരത്തിൽ വരുമെന്നും അദ്ദേഹം പ്രത്യാശ പ്രകടിപ്പിച്ചു. അഴിമതി ഏറ്റവും കുറഞ്ഞ സംസ്ഥാനമായി കേരളം മാറിയതും സർക്കാർ നിയമനങ്ങളിൽ കൈക്കൂലി ഒഴിവായതും എൽഡിഎഫ് സർക്കാരിന്റെ വലിയ നേട്ടമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
ആരോഗ്യ-വിദ്യാഭ്യാസ രംഗങ്ങളിലെ വലിയ മാറ്റങ്ങൾ മുഖ്യമന്ത്രി എടുത്തുപറഞ്ഞു. സർക്കാർ ആശുപത്രികളിലെ ഹൃദയ ശസ്ത്രക്രിയകൾ, കുറഞ്ഞ ശിശു-മാതൃ മരണനിരക്ക്, അടച്ചുപൂട്ടാൻ പോയ പൊതുവിദ്യാലയങ്ങളുടെ നവീകരണം എന്നിവ കേരളം രാജ്യത്തിന് തന്നെ മാതൃകയാക്കിയ പ്രവർത്തനങ്ങളാണ്. മുൻപ് പാഠപുസ്തകങ്ങൾ പോലും ഫോട്ടോസ്റ്റാറ്റ് എടുത്ത് നൽകേണ്ടി വന്ന സാഹചര്യം കേരളത്തിനുണ്ടായിരുന്നുവെന്നും അതെല്ലാം മാറി ഇന്ന് വിദ്യാഭ്യാസ മേഖല ലോകനിലവാരത്തിലേക്ക് എത്തിയെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു.
എ.കെ. ബാലൻ മുൻപ് നടത്തിയ പരാമർശങ്ങൾ കേരളത്തിന്റെ മുൻകാല ചരിത്രം ഓർമ്മിപ്പിക്കുക മാത്രമായിരുന്നുവെന്ന് മുഖ്യമന്ത്രി പറഞ്ഞു. മാറാട് കലാപത്തിന് ശേഷം അന്നത്തെ മുഖ്യമന്ത്രി ആർഎസ്എസിന്റെ അനുവാദം വാങ്ങി പ്രദേശം സന്ദർശിച്ച സംഭവം യുഡിഎഫിന്റെ വർഗീയ പ്രീണന നിലപാടുകൾക്ക് ഉദാഹരണമാണ്. വർഗീയതയോട് വിട്ടുവീഴ്ചയില്ലാത്ത നിലപാടാണ് തന്റെ സർക്കാർ സ്വീകരിക്കുന്നത്. ആർഎസ്എസ് വിമർശനം ഹിന്ദുക്കൾക്കെതിരെയോ, ജമാഅത്തെ ഇസ്‌ലാമി/എസ്ഡിപിഐ വിമർശനങ്ങൾ മുസ്‌ലിം മതവിഭാഗങ്ങൾക്കെതിരെയോ അല്ലെന്നും മറിച്ച് അത്തരം സംഘടനകളുടെ വർഗീയ നിലപാടുകൾക്കെതിരെയാണെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. വികസന നേട്ടങ്ങൾ ഉയർത്തിക്കാട്ടുന്നത് ഭൂരിപക്ഷ വോട്ട് ലക്ഷ്യമിട്ടാണെന്ന വാദം തെറ്റാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Discover more from Radio Keralam 1476 AM News
Subscribe to get the latest posts sent to your email.

