ഭൂട്ടാൻ കാർ കടത്ത് കേസ്: മമ്മൂട്ടിയുടെയും ദുൽഖറിന്റെയും വീട്ടിൽ ഇഡി റെയ്ഡ്

ഭൂട്ടാൻ കാർ കടത്ത് കേസിൽ പരിശോധനയ്ക്ക് ഇഡിയും. നടന്മാരായ മമ്മൂട്ടിയുടെയും ദുൽഖറിന്റെയും കൊച്ചിയിലെ വീട്ടിൽ അടക്കം ഒരേ സമയം 17 ഇടങ്ങളിലാണ് റെയ്ഡ് നടക്കുന്നത്. നടന്മാരായ പൃഥ്വിരാജ്, അമിത് ചക്കാലക്കൽ എന്നിവരുടെ വീട്ടിലും റെയ്ഡ് നടക്കുന്നതായാണ് വിവരം.

ഭൂട്ടാനിൽ നിന്നുള്ള ആഡംബര കാറുകൾ നികുതി വെട്ടിച്ച് ഇന്ത്യയിൽ എത്തിയെന്ന ഇന്റലിജൻസ് വിവരത്തിന്റെ അടിസ്ഥാനത്തിൽ ദിവസങ്ങൾക്ക് മുൻപാണ് ദുൽഖർ സൽമാന്റെ വീട്ടിൽ അടക്കം കസ്റ്റംസ് പരിശോധന നടത്തിയത്. വ്യാജ റജിസ്ട്രേഷനിലൂടെ നികുതി വെട്ടിപ്പ് നടത്തി ഭൂട്ടാനിൽ നിന്ന് ഇന്ത്യയിലേക്ക് വാഹനം എത്തിക്കുന്നവരെ കണ്ടുപിടിക്കാനുള്ള ഓപ്പറേഷൻ നുംഖോറിന്റെ ഭാഗമായി ദുൽഖറിന്റെ അടക്കം വീടു?കളിൽ റെയ്ഡ് നടത്തി കസ്റ്റംസ് നിരവധി വാഹനങ്ങൾ കസ്റ്റഡിയിലെടുത്തിരുന്നു. ഇതിന് പിന്നാലെയാണ് പരിശോധനയുമായി ഇഡിയും രംഗത്തുവന്നത്. ഭൂട്ടാൻ കാർ കടത്തുമായി ബന്ധപ്പെട്ട് വലിയ തോതിൽ കള്ളപ്പണ ഇടപാടും ജിഎസ്ടി വെട്ടിപ്പും നടന്നിട്ടുണ്ടെന്ന് കസ്റ്റംസ് തന്നെ വ്യക്തമാക്കിയിട്ടുണ്ട്. ഇതിന് പിന്നാലെയാണ് കേന്ദ്ര ഏജൻസിയായ ഇഡിയും വിഷയത്തിൽ ഇടപെട്ടത്.

മമ്മൂട്ടി ഹൗസ് എന്ന് അറിയപ്പെടുന്ന കൊച്ചിയിലെ മമ്മൂട്ടിയുടെ പഴയ വീട്ടിൽ അടക്കമാണ് ഇഡി റെയ്ഡ്. ഇവിടെയും മമ്മൂട്ടി ഇപ്പോൾ താമസിക്കുന്ന കടവന്ത്രയിലെ വീട്ടിലും അടക്കമാണ് പരിശോധന നടക്കുന്നത്. കാർ കടത്തുമായി ബന്ധപ്പെട്ട് നേരത്തെ തന്നെ ഇഡി പ്രാഥമിക പരിശോധനയും അന്വേഷണവും നടത്തിയിരുന്നു. അന്വേഷണത്തിൽ കള്ളപ്പണം വെളുപ്പിക്കലിന്റെ ഭാഗമായി നിയമവിരുദ്ധമായി ഭൂട്ടാനിൽ നിന്ന് ആഡംബര കാറുകൾ എത്തിച്ചതായി കണ്ടെത്തിയിരുന്നു. എംപരിവാഹൻ ആപ്പിൽ കൃത്രിമം നടത്തിയാണ് കാറുകൾ റീരജിസ്റ്റർ ചെയ്തത്. ഇതുമായി ബന്ധപ്പെട്ട അന്വേഷണത്തിൽ കസ്റ്റംസിന് പരിമിതികളുണ്ട്. കേരളത്തിൽ മാത്രം 150 ഓളം വാഹനങ്ങൾ ഇത്തരത്തിൽ എത്തിയിട്ടുണ്ടെന്നാണ് കസ്റ്റംസിന്റെ വിലയിരുത്തൽ. എന്നാൽ 37 വാഹനങ്ങൾ മാത്രമാണ് കസ്റ്റംസിന് പരിശോധിക്കാനായത്. ഇതുമായി ബന്ധപ്പെട്ട് നടന്ന പണമിടപാട് സംബന്ധിച്ച് അന്വേഷിക്കുന്നതിനായാണ് ഇഡി രംഗത്തുവന്നത്. വാഹന രജിസ്ട്രേഷൻ വിവരങ്ങൾ, ഇൻവോയ്സ് അടക്കമുള്ള കാര്യങ്ങളാണ് ഇഡി അന്വേഷിക്കുന്നത്.


Discover more from Radio Keralam 1476 AM News

Subscribe to get the latest posts sent to your email.

Leave a Reply