വിവിധ മേഖലകളിൽ സമൂഹത്തിനു സമഗ്ര സംഭാവനകൾ നൽകിയ വിശിഷ്ട വ്യക്തിത്വങ്ങൾക്കു സംസ്ഥാന സർക്കാർ നൽകുന്ന പരമോന്നത പുരസ്‌കാരമായ 2023ലെ കേരള പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു. ഈ വർഷത്തെ കേരള ജ്യോതി പുരസ്‌കാരം സാഹിത്യ മേഖലയിലെ സമഗ്ര സംഭാവനയ്ക്ക് ടി. പത്മനാഭനു ലഭിച്ചു. സാമൂഹ്യ സേവന, സിവിൽ സർവീസ് മേഖലയിലെ സമഗ്ര സംഭാവനയ്ക്ക് ജസ്റ്റിസ്(റിട്ട.) എം. ഫാത്തിമ ബീവി, കലാ മേഖലയിലെ സമഗ്ര സംഭാവനയ്ക്ക് നടരാജ കൃഷ്ണമൂർത്തി(സൂര്യ കൃഷ്ണമൂർത്തി) എന്നിവർ കേരള പ്രഭ പുരസ്‌കാരത്തിന് അർഹരായി.
സാമൂഹ്യ സേവന മേഖലയിലെ സമഗ്ര സംഭാവനക്കു പുനലൂർ സോമരാജൻ, ആരോഗ്യ മേഖലയിലെ സമഗ്ര സംഭാവനക്കു ഡോ. വി.പി. ഗംഗാധരൻ, വ്യവസായ-വാണിജ്യ മേഖലയിലെ സമഗ്ര സംഭാവനയ്ക്ക് ഡി.സി. രവി, സിവിൽ സർവീസ് മേഖലയിലെ സമഗ്ര സംഭാവനയ്ക്ക് കെ.എം. ചന്ദ്രശേഖർ, കല(സംഗീതം) മേഖലയിലെ സമഗ്ര സംഭാവനയ്ക്ക് പണ്ഡിറ്റ് രമേശ് നാരായൺ എന്നിവർ കേരള ശ്രീ പുരസ്‌കാരത്തിന് അർഹരായി. വിവിധ മേഖലകളിലെ സമഗ്രസംഭാവനകൾ കണക്കിലെടുത്ത് ഒന്നാമത്തെ പരമോന്നത സംസ്ഥാന പുരസ്‌കാരമായ ‘കേരള ജ്യോതി’ വർഷത്തിൽ ഒരാൾക്കും, രണ്ടാമത്തെ പരമോന്നത സംസ്ഥാന പുരസ്‌കാരമായ ‘കേരള പ്രഭ’ വർഷത്തിൽ രണ്ടുപേർക്കും, മൂന്നാമത്തെ പരമോന്നത സംസ്ഥാന പുരസ്‌കാരമായ ‘കേരള ശ്രീ’ വർഷത്തിൽ അഞ്ചുപേർക്കും എന്ന ക്രമത്തിൽ നൽകുന്നതിനാണ് തീരുമാനിച്ചിട്ടുള്ളത്. ഓരോ വിഭാഗത്തിലും കൂടുതലായി പുരസ്‌കാരങ്ങൾ അനുവദിക്കണമെങ്കിൽ തന്നെ ആകെ പുരസ്‌കാരങ്ങളുടെ എണ്ണം ഒരു വർഷത്തിൽ പത്തിൽ അധികരിക്കാൻ പാടില്ലയെന്നും നിഷ്‌കർഷിച്ചിട്ടുണ്ട്.
അടൂർ ഗോപാലകൃഷ്ണൻ, കെ. ജയകുമാർ (ഐ.എ.എസ് റിട്ട.), ഡോ. ജോർജ് ഓണക്കൂർ എന്നിവരടങ്ങിയ അവാർഡ് സമിതി ദ്വിതീയ പരിശോധന സമിതി സർപ്പിച്ച പട്ടിക പരിശോധിച്ചും, സെർച്ച് കമ്മിറ്റി എന്ന നിലയിൽ സമിതിയിൽ നിക്ഷിപ്തമായ അധികാരം വിനിയോഗിച്ചും 2023ലെ കേരള പുരസ്‌കാരങ്ങൾക്കായി നാമനിർദേശം ചെയ്തതു സർക്കാർ അംഗീകരിച്ചാണു പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചത്.
Discover more from Radio Keralam 1476 AM News
Subscribe to get the latest posts sent to your email.

