ഹൈറിച്ച് സാമ്പത്തിക തട്ടിപ്പ് കേസ്; ലുക്ക് ഔട്ട് നോട്ടീസ് പുറത്തിറക്കി ഇഡി

തൃശൂരിലെ ഹൈറിച്ച് സാമ്പത്തിക തട്ടിപ്പ് കേസിൽ ഒളിവിൽ കഴിയുന്ന പ്രധാന പ്രതികളെ പിടികൂടാൻ അന്വേഷണം ഊര്‍ജിതമാക്കി എന്‍ഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ്. പ്രതികള്‍ക്കെതിരെ ലുക്ക് ഔട്ട് നോട്ടീസ് ഇഡി പുറത്തിറക്കി.

കേസിലെ മുഖ്യപ്രതികളായ ഹൈറിച്ച് കമ്പനി ഉടമ കെഡി പ്രതാപൻ, ഭാര്യ ശ്രീന എന്നിവരെ പിടികൂടുന്നതിനാണ് ഇഡി ലുക്ക്ഔട്ട് നോട്ടീസ് ഇറക്കിയത്. കേസില്‍ പ്രതി ചേര്‍ത്തതിന് പിന്നാലെ ഇരുവരും ഒളിവില്‍ പോവുകയായിരുന്നു. ഇതിനിടെ, ഇരുവരുടെയും മുന്‍കൂര്‍ ജാമ്യാപേക്ഷ വെള്ളിയാഴ്ച കോടതി പരിഗണിക്കും.

കൊച്ചിയിലെ സാമ്പത്തിക കുറ്റകൃത്യങ്ങൾ പരിഗണിക്കുന്ന കോടതിയാണ് കേസ് വീണ്ടും പരിഗണിക്കുക. പ്രതിഭാഗത്തിന്‍റെ ആവശ്യപ്രകാരമാണ് കേസിലെ വാദം കോടതി വരുന്ന വെള്ളിയാഴ്ചത്തേക്ക് മാറ്റി വെച്ചത്. മുന്‍കൂര്‍ ജാമ്യാപേക്ഷ പരിഗണിക്കുന്നതിന് മുമ്പ് തന്നെ ഇരുവരെയും പിടികൂടാനുള്ള ഊര്‍ജിത ശ്രമത്തിലാണ് ഇഡി.

ഇരുവർക്കും മുൻകൂ‍ർ ജാമ്യം നൽകരുതെന്നും 2300 കോടി രൂപയുടെ തട്ടിപ്പാണ് പ്രതികൾ നടത്തിയതെന്നും  ഇഡി കോടതിയിൽ സത്യവാങ്മൂലം നൽകിയിരുന്നു. പ്രതികൾക്കെതിരെ വിവിധ ജില്ലകളിൽ പൊലീസ് രജിസ്റ്റർ ചെയ്ത 19 കേസുകളുടെ വിശദാംശങ്ങളും ഇഡി കോടതിയിൽ ഹാജരാക്കിയിരുന്നു.

ക്രിപ്റ്റോ കറൻസിയിൽ നിക്ഷേപിക്കുന്നതിനായി 850 കോടി രൂപ വിദേശത്തെത്തിച്ചതടക്കം ഗുരുതര സ്വഭാവമുള്ള സാമ്പത്തിക കുറ്റകൃത്യമാണ് പ്രതികൾ നടത്തിയതെന്നാണ് ഇഡി കണ്ടെത്തൽ. നേരത്തെ കമ്പനി ഉടമകളുടെ 212 കോടിയുടെ സ്വത്തുക്കള്‍ ഇഡി കണ്ടുകെട്ടിയിരുന്നു.ഇതിനിടെ, സംസ്ഥാനം കണ്ട ഏറ്റവും വലിയ തട്ടിപ്പായ ഹൈറിച്ച് സാമ്പത്തിക തട്ടിപ്പ് പുറത്തുവന്ന് മൂന്ന് മാസം കഴിഞ്ഞിട്ടും പ്രതികളെ പിടികൂടാത്തതില്‍ രൂക്ഷ വിമര്‍ശനവുമായി കോണ്‍ഗ്രസ് നേതാവ് അനില്‍ അക്കര രംഗത്തെത്തി.


Discover more from Radio Keralam 1476 AM News

Subscribe to get the latest posts sent to your email.

Leave a Reply