സ്കൂളുകൾ പിടിഎ ഫണ്ടെന്ന പേരിൽ വലിയ തുക പിരിക്കുന്നതു ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടെന്നും ഇത് അനുവദിക്കില്ലെന്നും മന്ത്രി വി.ശിവൻകുട്ടി. പിടിഎയെ സ്കൂൾ ഭരണസമിതിയായി കാണരുത്. ജനാധിപത്യപരമായി വേണം പിടിഎകൾ പ്രവർത്തിക്കേണ്ടത്.
സർക്കാർ നിശ്ചയിച്ച ചെറിയ തുക മാത്രമേ വാങ്ങാവൂ. നിർബന്ധപൂർവം വിദ്യാർഥികളിൽനിന്നു വൻ പിരിവ് പാടില്ല. കേരള വിദ്യാഭ്യാസ ചട്ടങ്ങൾക്കു വിരുദ്ധമായി പ്രവർത്തിക്കുന്ന സ്‌കൂളുകൾക്ക് എതിരെ കർശന നടപടി സ്വീകരിക്കുമെന്നും മന്ത്രി വ്യക്തമാക്കി.
അൺ എയ്ഡഡ് സ്കൂളുകളിൽ പ്രവേശനത്തിനു വലിയ തുക വാങ്ങുന്നതും ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്. വൻതുക വാങ്ങുന്ന ചില സ്കൂളുകൾ അംഗീകാരം പോലും ഇല്ലാത്തവയാണ്. ചില അൺ എയ്ഡഡ് സ്കൂളുകൾ ടിസി തടഞ്ഞുവയ്ക്കുന്നതായി പരാതിയുണ്ട്.
ടിസി ഇല്ലാതെ തന്നെ ഇത്തരം കുട്ടികൾക്ക് എയ്ഡഡ് സ്കൂളുകളിൽ പ്രവേശനം നൽകും. രക്ഷിതാക്കൾക്ക് അമിത സാമ്പത്തിക ഭാരം അനുഭവിക്കേണ്ടി വരുന്നുണ്ട്. ഫീസ് കുടിശിക ആകുമ്പോൾ ടിസി നൽകാതെ വരുന്ന സാഹചര്യവും ഉണ്ടാകുന്നു. ഈ വിഷയത്തിൽ സർക്കാർ കർശന ഇടപെടൽ നടത്തുമെന്നും ശിവൻകുട്ടി പറഞ്ഞു.
Discover more from Radio Keralam 1476 AM News
Subscribe to get the latest posts sent to your email.

