സർക്കാരും പാർട്ടിയും ഒന്നല്ല, വിദേശ സർവകലാശാലയെ സിപിഎം അനുകൂലിക്കുന്നില്ല; എംവി ഗോവിന്ദൻ

സർക്കാരിന് പാർട്ടി നിലപാടുകൾ മുഴുവൻ നടപ്പിലാക്കാനാകില്ലെന്നും പാർട്ടിയും സർക്കാരും ഒന്നല്ലെന്നും സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ. തിരുവനന്തപുരത്ത് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

വിദേശ സർവകലാശാല വിഷയം പരിശോധിക്കുമെന്ന് മാത്രമാണ് ധനമന്ത്രി പറഞ്ഞത്. വിദ്യാഭ്യാസരംഗത്തെ സ്വകാര്യ മൂലധന നിക്ഷേപം നേരത്തെ ആരംഭിച്ചതാണ്. ഇക്കാര്യം കേരളം ചർച്ച ചെയ്യണം. വിദേശ സർവകലാശാല ഉൾപ്പെടെയുള്ളവയെ സി.പി.എം അംഗീകരിക്കില്ല. സി.പി.എം നിലപാട് അതേപടി നടപ്പാക്കാൻ ഇടതുമുന്നണിക്ക് കഴിയില്ല. എല്ലാവരുമായി ചർച്ച വേണമെന്നാണ് സർക്കാർ ആഗ്രഹിക്കുന്നത്. പൊതുവിദ്യാഭാസത്തോടുള്ള പ്രതിബദ്ധതയും സുതാര്യതയും തുല്യതയും നിലനിർത്തിക്കൊണ്ടാവും ചർച്ച.

സർക്കാർ ഡൽഹിയിൽ നടത്തിയ സമരം രാഷട്രീയ വിജയമാണ്. കേരളത്തിനെതിരെയുള്ള സാമ്പത്തിക ഉപരോധത്തെ രാജ്യമാകെ അറിയിക്കാൻ സാധിച്ചു. ഇടതുപക്ഷം ശബ്ദമുയർത്തുന്നത് രാജ്യത്തെ ഫെഡറൽ സംവിധാനത്തിന് വേണ്ടി. ബി.ജെ.പിയെ പിന്തുണയ്ക്കുന്ന നിലപാടാണ് കേരളത്തിലെ യു.ഡി.എഫുകാർ സ്വീകരിച്ചത്. കർണാടകയിലെ കോൺഗ്രസ് സർക്കാർ കേന്ദ്രത്തിനെതിരെ നടത്തിയ സമരം അവരുടേത് മാത്രമായി ചുരുങ്ങി.

തിരഞ്ഞെടുപ്പ് അടുത്തിരിക്കുന്ന സാഹചര്യത്തിൽ ചില മാധ്യമങ്ങൾ പിണറായി വിജയന്റേയും മകളുടെ കമ്പനിയുടേയും പേര് വലിച്ചിഴയ്ക്കുന്നു. രാഷട്രീയ പ്രേരിതമായി ബി.ജെ.പി മുഖ്യമന്ത്രിയെ ലക്ഷ്യമിടുന്നു. എസ്.എഫ്.ഐ.ഒ അന്വേഷണം അതിന്റെ ഭാഗമാണ്. ഇതിനെല്ലാം പുറകിൽ കൃത്യമായ അജണ്ടയുണ്ട്.

എസ്.എഫ്.ഐ.ഒ അന്വേഷണം ആവശ്യപ്പെട്ട് കത്ത് നൽകിയത് ഷോൺ ജോർജാണ്. പിസി ജോർജും മകൻ ഷോൺ ജോർജും ബിജെപിയിൽ ചേർന്നതിന് പിന്നാലെയാണ് അന്വേഷണം പ്രഖ്യാപിച്ചത്. ഇതിന് പിന്നിലെയുള്ള രാഷ്ട്രീയ അജണ്ട പകൽ പോലെ വ്യക്തമാണ്. പിന്നിൽ കൃത്യമായ ഗൂഢാലോചനയുണ്ട്. അപവാദ കള്ള പ്രചാരണങ്ങളെ സിപിഎം എതിർക്കുമെന്നും അദ്ദേഹം പറഞ്ഞു.


Discover more from Radio Keralam 1476 AM News

Subscribe to get the latest posts sent to your email.

Leave a Reply