ബ്രഹ്മപുരത്ത് അധികൃതർക്ക് സംഭവിച്ചത് ഗുരുതര വീഴ്ചയെന്ന് നടനും തിരക്കഥാകൃത്തുമായ രഞ്ജി പണിക്കർ. ഇത്രയധികം മാലിന്യം സംസ്ക്കരിക്കാതെ ഈ പ്രദേശത്ത് സംഭരിച്ചുവെച്ചുവെന്നത് തന്നെ ഗുരുതര കുറ്റകൃത്യമാണ്. തീപിടിത്തമുണ്ടാകുമെന്ന ബോധ്യമില്ലാതിരുന്നുവെന്ന ഒരു വിഭാഗത്തിന്റെ വാദം മുഖവിലക്കെടുക്കാനാകില്ല. മുമ്പും ഇവിടെ തീപിടിത്തമുണ്ടായിട്ടുണ്ട്. ബ്രഹ്മപുരം ഒരു സ്പന്ദിക്കുന്ന ടൈം ബോംബ് ആയിരുന്നു.
തീപിടിത്തമുണ്ടായ ശേഷം പ്രശ്നം കൈകാര്യം ചെയ്യുന്നതിലും അധികൃതർക്ക് വീഴ്ച പറ്റി. അടിസ്ഥാന കാര്യങ്ങളിൽ അധികൃതർക്ക് ജാഗ്രത ഇല്ലാതെ പോയി. ബ്രഹ്മപുരത്ത് എന്താണ് സംഭവിച്ചതെന്നതിൽ കൃത്യമായ അന്വേഷണം വേണം. ഉത്തരവാദികൾ ജനങ്ങളോട് മറുപടി പറയണം. കഴിഞ്ഞ പത്ത് ദിവസമായി ഈ പ്രദേശത്തെ ജനങ്ങളിത് അനുഭവിക്കുകയാണ്. കേരളത്തിൽ പല സ്ഥലത്തും ഇത്തരം ഭീഷണി ഉണ്ട്. ദുരന്തം സംഭവിച്ച ശേഷം, പറഞ്ഞിട്ട് കാര്യമില്ലെന്ന് പറയുന്നത് ശരിയല്ല. കുറ്റക്കാർക്കെതിരെ കർശന നടപടി വേണം. കൊച്ചി വിട്ടു പോകാൻ ഇടമില്ലാത്തവർ എന്ത് ചെയ്യുമെന്നും ആളുകളെ മാറ്റിപ്പാർപ്പിക്കൽ അടക്കം നടത്തേണ്ടത് സർക്കാരാണെന്നും രഞ്ജി പണിക്കർ പറഞ്ഞു.
യുദ്ധകാലാടിസ്ഥാനത്തിൽ ദുരന്ത നിവാരണ കർമ്മ പരിപാടി നടപ്പാക്കുന്നതിൽ സർക്കാരിന് വീഴ്ചയുണ്ടായിട്ടുണ്ടെങ്കിൽ തുറന്ന് സമ്മതിക്കണം. മുൻ കാലപരിചയമില്ലെന്ന് പറയുകയല്ല വേണ്ടത്. ദുരന്തം മുന്നിൽ കണ്ട് കൃത്യമായ കാര്യങ്ങളും നടപടികളും സ്വീകരിക്കേണ്ടത് ഭരണകൂടത്തിന്റെ ഉത്തരവാദിത്തമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Discover more from Radio Keralam 1476 AM News
Subscribe to get the latest posts sent to your email.

