സംസ്ഥാനത്ത് സ്വർണ്ണവിലയിൽ ഇടിവ്. രാവിലെ 6640 രൂപയുടെ ഇടിവ് രേഖപ്പെടുത്തിയപ്പോൾ ഉച്ചക്ക് 3200 രൂപ കുറഞ്ഞു. ഇതോടെ ഇന്ന് ആകെ 9840 രൂപയാണ് പവന് കുറഞ്ഞത്. 1,07,920 രൂപയാണ് നിലവിലെ പവൻ വില. ഗ്രാമിന് 13,490 രൂപയായി.
ആഗോളമാർക്കറ്റിലെ വിലയിടിവിന്റെ ചുവടുപിടിച്ചാണ് കേരളത്തിൽ ഇന്ന് രണ്ടാമതും വിലയിടിഞ്ഞത്. ഔൺസിന് 4643 ഡോളർ എന്ന നിരക്കിലാണ് ഇപ്പോൾ വ്യാപാരം നടക്കുന്നത്. അഞ്ച് ശതമാനമാണ് ഇന്ന് വിലയിടിഞ്ഞത്. വെള്ളിക്ക് ഏഴ് ശതമാനത്തിലേറെ ഇടിഞ്ഞ് ഔൺസിന് 79.26 ഡോളറിലാണ് വ്യാപാരം നടക്കുന്നത്.
ഇന്നലെ 1,17,760 രൂപയായിരുന്നു വില. ജനുവരി 29ന് ചരിത്രത്തിലെ എക്കാലത്തെയും ഉയർന്ന വിലയായ 1,31,160ലെത്തിയിരുന്നു. ഇതിന് പിന്നാലെ നിക്ഷേപകർ വൻതോതിൽ ലാഭമെടുത്തതും ഡോളർ നേരിയ തോതിൽ ശക്തിപ്പെട്ടതുമാണ് വില തുടർച്ചയായി ഇടിയാൻ കാരണം.

