കസ്റ്റംസിന്റെ കണ്ണുവെട്ടിച്ച് സ്വർണം കടത്തിക്കൊണ്ടുവന്ന യുവതിയെ കൊച്ചി വിമാനത്താവളത്തിൽ നിന്ന് തട്ടിക്കൊണ്ടുപോകാൻ ശ്രമം. പ്രാണരക്ഷാർഥം കാറിൽ കയറി രക്ഷപ്പെടാൻ ശ്രമിച്ച യുവതി ഒടുവിൽ രക്ഷയില്ലെന്നു കണ്ട് തിരികെ വിമാനത്താവളത്തിലെത്തി കസ്റ്റംസിന് കീഴടങ്ങി. ചൊവ്വാഴ്ച രാവിലെയാണ് സിനിമയെ വെല്ലുന്ന സംഭവം അരങ്ങേറിയത്. വിമാനമിറങ്ങി ടെർമിനലിനു പുറത്തെത്തിയ യുവതി ബൈക്കിലെത്തിയ ആളോടൊപ്പം പോകാൻ തുനിഞ്ഞു. എന്നാൽ, കാറുമായി എത്തിയ സംഘം യുവതിയോട് കാറിൽ കയറാൻ ആവശ്യപ്പെട്ടു.
യുവതി ഉടൻ ടാക്സി തരപ്പെടുത്തി അതിൽ കയറി രക്ഷപ്പെടാൻ ശ്രമിച്ചു. എന്നാൽ, കാറിലെത്തിയ സംഘം യുവതിയെ പിൻതുടർന്നു. പിടിയിലാകുമെന്ന് കണ്ടപ്പോൾ യുവതി കാർ വിമാനത്താവളത്തിലേക്ക് തിരിക്കാൻ ആവശ്യപ്പെട്ടു. വിമാനത്താവളത്തിലെത്തിയപ്പോൾ
ടെർമിനൽ മാനേജർ അറിയിച്ചതിനെ തുടർന്ന് കസ്റ്റംസ് ഉദ്യോഗസ്ഥരെത്തി യുവതിയെ കസ്റ്റഡിയിലെടുത്തു. വിശദമായ പരിശോധനയിൽ ഇവർ ധരിച്ചിരുന്ന ചെരിപ്പിൽ 250 ഗ്രാം സ്വർണം കണ്ടെത്തി.
ഇവരെ കൂട്ടിക്കൊണ്ടുപോകാൻ ബൈക്കിലെത്തിയ ആളെ നെടുമ്പാശ്ശേരി പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. യുവതിയെ തട്ടിക്കൊണ്ടുപോകാൻ കാറിലെത്തിയ സംഘത്തെ കണ്ടെത്താനായിട്ടില്ല.
Discover more from Radio Keralam 1476 AM News
Subscribe to get the latest posts sent to your email.

