കോട്ടയത്ത് സ്വകാര്യ ബസിൽ ഛർദ്ദിച്ച യുവതിയെ കൊണ്ടുതന്നെ തുടപ്പിച്ചെന്ന പരാതിയിൽ ബസ് ജീവനക്കാർക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്ന് വ്യക്തമാക്കി മനുഷ്യാവകാശ കമ്മീഷൻ. കോട്ടയം ആർ ടി ഒക്കാണ് കമ്മീഷൻ ആക്റ്റിങ് ചെയർപേഴ്സണും ജൂഡീഷ്യൽ അംഗവുമായ കെ. ബൈജുനാഥ് നിർദ്ദേശം നൽകിയിരിക്കുന്നത്. മുണ്ടക്കയത്ത് നിന്നും കോട്ടയത്തേക്ക് പോയ ബസിൽ നിന്നാണ് യുവതിക്ക് ദുരനുഭവമുണ്ടായത്. മേയ് 15 നായിരുന്നു കേസിനാസ്പദമായ സംഭവം നടന്നത്. വൈകിട്ട് അഞ്ചേമുക്കാലോടെ ബസ് കഞ്ഞിക്കുഴിയിലെത്തിയപ്പോഴാണ് യുവതി ഛർദ്ദിച്ചത്.
കഞ്ഞിക്കുഴിയിൽ ഇറങ്ങേണ്ടിയിരുന്ന യുവതിക്ക് ബസ് ഡ്രൈവർ തുണി നൽകി അവരെ കൊണ്ട് തന്നെ തുടപ്പിക്കുകയായിരുന്നു. ജൂണിൽ കോട്ടയത്ത് നടക്കുന്ന സിറ്റിംഗിൽ കേസ് പരിഗണിക്കും. പത്രവാർത്തയുടെ അടിസ്ഥാനത്തിൽ സ്വമേധയാ രജിസ്റ്റർ ചെയ്ത കേസിലാണ് ഇപ്പോൾ നടപടി. നടപടിയെടുത്ത ശേഷം ആർ.ടി.ഒ 15 ദിവസത്തിനകം റിപ്പോർട്ട് സമർപ്പിക്കണമെന്നും കമ്മീഷൻ നിർദ്ദേശിച്ചിട്ടുണ്ട്.
Discover more from Radio Keralam 1476 AM News
Subscribe to get the latest posts sent to your email.

