സ്മൃതികുടീരങ്ങൾക്ക് നേരെ അതിക്രമം; പാർട്ടി പ്രവർത്തകർ ആത്മസംയമനം പാലിക്കണം: എംവി ഗോവിന്ദൻ

മുതിര്‍ന്ന സിപിഎം നേതാക്കളുടെ സ്മൃതികുടീരങ്ങള്‍ രാസദ്രാവകമൊഴിച്ച് വികൃതമാക്കിയ സംഭവത്തില്‍ പ്രതികരണവുമായി സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ. അതിക്രമത്തിന് പിന്നില്‍ ഗൂഢാലോചനയെന്നും ഈ ഘട്ടത്തില്‍ പാർട്ടി പ്രവർത്തകർ ആത്മസംയമനം പാലിക്കണമെന്നും എംവി ഗോവിന്ദൻ. 

പ്രത്യാക്രമണം വലുതായിരിക്കും എന്ന് കണ്ട് നടത്തിയ അതിക്രമമാണെന്നും എംവി ഗോവിന്ദൻ ആരോപിച്ചു. പയ്യാമ്പലത്ത് സംഭവം നടന്നയിടത്ത് എംവി ഗോവിന്ദനെത്തി മാധ്യമങ്ങളെ കാണുകയായിരുന്നു.

അതേസമയംഅതിക്രമം നടന്ന സ്മൃതികുടീരങ്ങളില്‍ ജില്ലയിലെ യുഡിഎഫ് നേതാക്കളും സന്ദര്‍ശനം നടത്തി. നടന്നത് നീചമായ അതിക്രമമെന്നും, ഗൂഢാലോചന കൃത്യമായി കണ്ടുപിടിക്കണം, പ്രതികളെ ഉടൻ പിടികൂടണമെന്നും ഡിസിസി പ്രസിഡന്‍റ് മാർട്ടിൻ ജോർജ് ആവശ്യപ്പെട്ടു. 

മുൻ മുഖ്യമന്ത്രി ഇകെ നായനാര്‍, സിപിഎം മുൻ സംസ്ഥാന സെക്രട്ടറിമാരായ ചടയൻ ഗോവിന്ദൻ, കോടിയേരി ബാലകൃഷ്‌ണൻ, ഒ ഭരതൻ എന്നിവരുടെ സ്മൃതികുടീരങ്ങളാണ് രാസദ്രാവകം ഒഴിച്ച് വികൃതമാക്കിയ നിലയില്‍ കണ്ടെത്തിയത്. 

സംഭവത്തില്‍ അന്വേഷണത്തിനായി എസിപിയുടെ നേതൃത്വത്തില്‍ പ്രത്യേകസംഘത്തെ രൂപീകരിച്ചിട്ടുണ്ട്. ആക്രമണം നടന്നത് എപ്പോഴെന്ന വിവരവും ഇതുവരെ വ്യക്തമായിട്ടില്ല.

സംഭവത്തില്‍ പ്രതിഷേധമറിയിച്ച് സിപിഎം നേതാക്കള്‍ രംഗത്തെത്തിയിരുന്നു. സംഭവം രാഷ്ട്രീയ പ്രേരിതമാണെന്നും പ്രകോപനമുണ്ടാക്കി സ്ഥലത്തെ സമനാധാനാന്തരീക്ഷം തകര്‍ക്കാനുള്ള ആസൂത്രിതനീക്കമാണെന്നും എംവി ജയരാജൻ, പികെ ശ്രീമതി എന്നിവര്‍ ആരോപിച്ചു. സിപിഎം പൊലീസില്‍ പരാതിയും നല്‍കി.


Discover more from Radio Keralam 1476 AM News

Subscribe to get the latest posts sent to your email.

Leave a Reply