സ്‌കൂൾ സമയം എട്ടുമുതൽ ഉച്ചയ്ക്ക് ഒരുമണിവരെ; സംസ്ഥാന മന്ത്രിസഭാ യോഗത്തിൽ വിദഗ്ധസമിതി റിപ്പോർട്ടിന് അംഗീകാരം

കേരളത്തിലെ സ്‌കൂൾ സമയം രാവിലെ എട്ടുമുതൽ ഉച്ചയ്ക്ക് ഒരുമണിവരെയാക്കണമെന്ന് ഖാദർ കമ്മിറ്റി റിപ്പോർട്ടിൽ ശുപാർശ. പഠനത്തിന് മെച്ചപ്പെട്ട സമയമിതാണ്. ശേഷം ആവശ്യമനുസരിച്ച് സ്പോർട്‌സ്, ഗെയിംസ്, യോഗ, ഗ്രൂപ്പ് ആക്ടിവിറ്റീസ് എന്നിവയ്ക്ക് ഉപയോഗിക്കാം. ആവശ്യങ്ങൾ പരിഗണിച്ച് സ്കൂളുകൾക്ക് സമയം ക്രമീകരിക്കാമെന്നാണ് റിപ്പോർട്ടിൽ പറയുന്നത്. 2009ലെ വിദ്യാഭ്യാസ അവകാശനിയമം നടപ്പാക്കുന്നത് സംബന്ധിച്ച് പ്രൊഫ.എം.എ ഖാദർ ചെയർമാനായ വിദഗ്ധസമിതി സമർപ്പിച്ച ‘മികവിനുമായുള്ള വിദ്യാഭ്യാസ’മെന്ന റിപ്പോർട്ടിലെ രണ്ടാംഭാഗത്തിൽ അക്കാഡമിക മികവിനെക്കുറിച്ചാണ് പരാമർശിക്കുന്നത്. റിപ്പോർട്ടിന്റെ രണ്ടാം ഭാഗം ഇന്നലെച്ചേർന്ന മന്ത്രിസഭായോഗം അംഗീകരിച്ചു. ശുപാർശകൾ ചർച്ചയ്ക്കുശേഷം സമവായത്തിൽ നടപ്പാക്കാനാണ് മന്ത്രിസഭയിലെ ധാരണ.

മറ്റ് നിർദേശങ്ങൾ

  • സെക്കൻഡറി തലത്തിൽ ( 8-12 ) അദ്ധ്യാപകർക്ക് മാസ്റ്റേഴ്സ് ബിരുദം യോഗ്യത.
  • പി.എച്ച്ഡി തലം വരെ അദ്ധ്യാപകരുടെ ഉപരിപഠനം പ്രോത്സാഹിപ്പിക്കണം.
  • ലോവർ പ്രൈമറിക്കും പ്രീ പ്രൈമറിക്കും കുറഞ്ഞ യോഗ്യത ബിരുദം.
  • പഠന പ്രവർത്തനങ്ങളിലൂടെ കുട്ടിയുടെ മാനസികവും ശാരീരികവും സാമൂഹ്യവുമായ വളർച്ച ഉറപ്പാക്കണം.
  • തസ്തികാ നിർണ്ണയം പരിഷ്‌കരിക്കണം, അദ്ധ്യാപക സ്ഥലംമാറ്റം, ഓഫീസ് സംവിധാനങ്ങൾ എന്നിവ പരിഷ്‌കരിക്കണം
  • നിലവിലെ പാഠപുസ്തക സങ്കല്പങ്ങളിൽ വലിയ മാറ്റങ്ങളാവശ്യം.
  • ഗ്രേസ് മാർക്ക് തുടരാം. മാർക്ക് നൽകുന്ന നിലവിലെ രീതി പരിഷ്കരിക്കണം.
  • പഠനരീതി കുട്ടിയുടെ ചിന്ത വളർത്തുന്നതും ചോദ്യങ്ങൾ ഉയർത്തുന്നതുമായ തലത്തിലാവണം.
  • പ്രീ സ്കൂളിൽ ഒരു ക്ളാസിൽ 25 കുട്ടികൾ.
  • ഒന്ന് മുതൽ 12 വരെ പരമാവധി 35 കുട്ടികൾ.

Discover more from Radio Keralam 1476 AM News

Subscribe to get the latest posts sent to your email.

Leave a Reply