വയനാട് സുഗന്ധഗിരിയിൽനിന്ന് അനധികൃതമായി 107 മരങ്ങൾ മുറിച്ച കേസിൽ സൗത്ത് വയനാട് ഡി.എഫ്.ഒ. ഷജ്ന കരീം അടക്കം മൂന്ന് ജീവനക്കാരെകൂടി സസ്പെൻഡു ചെയ്തു. കൽപ്പറ്റ ഫ്ലയിങ് സ്ക്വാഡ് റേഞ്ച് ഓഫീസർ എം. സജീവൻ, ഗ്രേഡ് ഡെപ്യൂട്ടി ബീരാൻകുട്ടി എന്നിവരാണ് നടപടി നേരിട്ട മറ്റു രണ്ടുപേർ. കേസിൻ്റെ മേൽനോട്ട ചുമതല നിർവഹിക്കുന്നതിൽ വീഴ്ചവരുത്തിയെന്ന് ചൂണ്ടികാട്ടിയാണ് ഡി.എഫ്.ഒക്കെതിരെയുള്ള നടപടി.
മരംമുറി തടയുന്നതിൽ ഗുരുതര വീഴ്ച ഉണ്ടാെയെന്ന വനംവകുപ്പ് വിജിലൻസ് വിഭാഗം പ്രത്യേക അന്വേഷണസംഘത്തിന്റെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ കല്പറ്റ റെയ്ഞ്ച് ഫോറസ്റ്റ് ഓഫീസർ കെ. നീതുവിനെ ബുധനാഴ്ച സസ്പെൻഡ് ചെയ്തിരുന്നു. ഡി.എഫ്.ഒ ആയ ഷജ്ന കരീമിനോട് വിശദീകരണം ചോദിച്ച ശേഷം നടപടി സ്വീകരിക്കാനായിരുന്നു അന്വേഷണ സംഘത്തിന്റെ ശുപാർശ. എന്നാൽ, വിശദീകരണം തേടാതെ തന്നെ ഡി.എഫ്.ഒയെ വനം മേധാവി സസ്പെൻഡ് ചെയ്യുകയായിരുന്നു.
ഇരുപതോളം മരങ്ങൾ മുറിക്കാനുള്ള അനുമതിയിൽ 107 മരങ്ങളാണ് മുറിച്ചുകടത്തിയത്. അനധികൃത മരംമുറി യഥാസമയം കണ്ടെത്താത്തതും വളരെ വൈകി കേസുകൾ രജിസ്റ്റർ ചെയ്തതും ജാഗ്രതയോടെ കേസ് അന്വേഷിക്കാത്തതും 91 മരങ്ങൾ അനധികൃതമായി മുറിച്ചുകടത്താൻ ഇടയാക്കിയതായും ഇത് റെയ്ഞ്ചറുടെ ഭാഗത്തുനിന്നുള്ള ഗുരുതരവീഴ്ചയാണെന്നുമായിരുന്നു വിജിലൻസ് വിഭാഗം പ്രത്യേക അന്വേഷണസംഘത്തിന്റെ കണ്ടെത്തൽ.
റെയ്ഞ്ച് ഓഫീസർ ജാഗ്രതയോടെ പ്രവർത്തിക്കാത്തതുകാരണം മുറിച്ച മുഴുവൻ കുറ്റികളും യഥാസമയം കണ്ടെത്താൻ സാധിച്ചില്ലെന്നും കുറ്റവാളികൾ തടി കടത്തിക്കൊണ്ടുപോകൽ തുടർന്നെന്നും അന്വേഷണ റിപ്പോർട്ടിലുണ്ട്. അന്വേഷണ സംഘത്തിന്റെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ അഡിഷണൽ പ്രിൻസിപ്പൽ ചീഫ് ഫോറസ്റ്റ് കൺസർവേറ്ററാണ് കെ. നീതുവിനെ സസ്പെൻഡ് ചെയ്ത് ഉത്തരവിറക്കിയത്.
കേസിൽ അഞ്ച് വനംവകുപ്പ് ഉദ്യോഗസ്ഥരെ നേരത്തേ സസ്പെൻഡ് ചെയ്തിരുന്നു. മരം മുറിച്ചുകടത്തിയ വയനാട്, കോഴിക്കോട് സ്വദേശികളായ ഒൻപതുപേരെയും നേരത്തേ അറസ്റ്റുചെയ്തിരുന്നു. കാർഡമം പദ്ധതിയുടെ ഭാഗമായി ആദിവാസികൾക്ക് പതിച്ചുനൽകിയ ഭൂമിയിൽനിന്നാണ് വനംവകുപ്പിലേക്ക് നിക്ഷിപ്തമായ മരങ്ങൾ മുറിച്ചുകടത്തിയത്. സംഭവത്തിൽ ഉദ്യോഗസ്ഥർക്കെതിരേ ആരോപണം ഉയർന്ന സാഹചര്യത്തിലാണ് ഫോറസ്റ്റ് കൺസർവേറ്ററുടെ നേതൃത്വത്തിൽ പ്രത്യേകസംഘം രൂപവത്കരിച്ച് അന്വേഷണംനടത്തിയത്.
Discover more from Radio Keralam 1476 AM News
Subscribe to get the latest posts sent to your email.

