തിരൂർ സ്വദേശിയായ ഹോട്ടലുടമയായ സിദ്ദിഖിനെ കൊലപ്പെടുത്തിയ സംഭവം ഹണി ട്രാപ്പെന്ന് പൊലീസ്. സംഭവം മുൻപു സംശയിച്ചിരുന്നതുപോലെ ഹണിട്രാപ്പിന്റെ ഭാഗമാണെന്ന് മലപ്പുറം ജില്ലാ പോലീസ് മേധാവി സുജിത് ദാസ് വെളിപ്പെടുത്തി. സിദ്ദിഖിനെ നഗ്‌നനാക്കി ഫോട്ടോയെടുക്കാനുള്ള ശ്രമവും അതിനെ എതിർത്തതുമാണ് കൊലപാതകത്തിൽ കലാശിച്ചതെന്നും പൊലീസ് അറിയിച്ചു.
സിദ്ദിഖ് കോഴിക്കോട് എരഞ്ഞിപ്പാലത്തെ ഹോട്ടലിൽ മുറിയെടുത്തത് ഫർഹാന പറഞ്ഞിട്ടാണെന്ന് ചോദ്യം ചെയ്യലിൽ വ്യക്തമായി. സിദ്ദിഖിന്റെ ഹോട്ടലിൽ ജോലി ചെയ്തിരുന്ന മുഹമ്മദ് ഷിബിലി വഴിയല്ല ഫർഹാനയെ സിദ്ദിഖ് പരിചയപ്പെട്ടതെന്നാണ് ഇപ്പോൾ പുറത്തുവരുന്ന വിവരം. ഷിബിലിയെ ഹോട്ടലിൽ ജോലിക്ക് നിയോഗിച്ചത് ഫർഹാനയുടെ ഇടപെടലിനെ തുടർന്നാണെന്നും സൂചനയുണ്ട്.
അതേസമയം, ഹോട്ടൽ മുറിയിൽവച്ച് ഭീഷണിപ്പെടുത്തി സിദ്ദിഖിൽനിന്ന് ഇവർ പണം തട്ടിയതായും വ്യക്തമായിട്ടുണ്ട്. കൊലപാതകത്തിനു ശേഷം സിദ്ദിഖിന്റെ എടിഎം കാർഡ് ഉപയോഗിച്ച് തട്ടിയെടുത്തത് ഉൾപ്പെടെ സംഘം കവർന്നത് ആകെ 1,37,000 രൂപയാണെന്നും വ്യക്തമായി.
എസ്പിയുടെ വാക്കുകൾ
‘നമ്മൾ സംശയിച്ചിരുന്നതുപോലെ ഇതൊരു ഹണിട്രാപ്പ് സംഭവമാണ്. ഇതിൽ ഷിബിലി സിദ്ദിഖിന്റെ ജോലിക്കാരനായിരുന്നു. പ്രതിസ്ഥാനത്തുള്ള മൂന്നുപേരും ഒരുമിച്ചാണ് ഹണിട്രാപ്പ് ആസൂത്രണം ചെയ്തത്. ഇതുമായി ബന്ധപ്പെട്ടു തന്നെയാണ് ഡി കാസ ഹോട്ടലിൽ റൂമെടുത്തത്.
18-ാം തീയതി ഷോർണൂരിൽ നിന്നാണ് ഫർഹാന ഇവിടെയെത്തുന്നത്. പിന്നാലെ ചിക്കു എന്ന ആഷിക്കുമെത്തി. രണ്ടു പേരും ട്രെയിനിലാണ് വന്നത്. സംഭവം നടക്കുമ്പോൾ മൂന്നുപേരും അവിടെയുണ്ട്. ഹോട്ടൽ മുറിയിൽ സിദ്ദിഖും ഫർഹാനയും സംസാരിക്കുമ്പോൾ അവിടേക്കെത്തിയ ഇവർ ബലം പ്രയോഗിച്ച് സിദ്ദിഖിന്റെ നഗ്‌ന ചിത്രം പകർത്താൻ ശ്രമിച്ചു. ഇതിനിടെ പണത്തിന്റെ കാര്യം പറഞ്ഞും ഭീഷണിപ്പെടുത്തി.
ഇതിനിടെ ഇവർ തമ്മിൽ തർക്കമുണ്ടായി. ബലപ്രയോഗത്തിനിടെ സിദ്ദിഖ് താഴെവീണു. പ്രശ്‌നം ഉണ്ടായാൽ നേരിടാൻ ഫർഹാന കയ്യിൽ ഒരു ചുറ്റിക കരുതിയിരുന്നു. ചുറ്റികയെടുത്ത് ഷിബിലി സിദ്ദിഖിനെ ആക്രമിച്ചു. തലയ്ക്കാണ് അടിച്ചത്. അതിന്റെ പാട് തലയിലുണ്ടായിരുന്നു. കൂടെയുണ്ടായിരുന്ന ആഷിഖ് സിദ്ദിഖിന്റെ നെഞ്ചിൽ പലതവണ ചവിട്ടി. ഈ ചവിട്ടിലാണ് സിദ്ദിഖിന്റെ വാരിയെല്ല് ഒടിഞ്ഞത്. തുടർന്ന് മൂന്നു പേരും ചേർന്ന് ഇയാളെ കൂട്ടത്തോടെ ആക്രമിച്ചു. കടുത്ത ആക്രമണത്തിനൊടുവിൽ സിദ്ദിഖ് മരിച്ചെന്നാണ് പോസ്റ്റ്‌മോർട്ടത്തിൽ നിന്നു മനസ്സിലാക്കുന്നത്.
ഷിബിലിയുടെ കൈവശം ഒരു കത്തിയുമുണ്ടായിരുന്നു. ഇതുവച്ചാണ് ഭീഷണിപ്പെടുത്തിയത്. മൂവർ സംഘം എല്ലാവിധ ആസൂത്രണത്തോടെയുമാണ് എത്തിയതെന്നാണ് ഇതിൽനിന്ന് മനസ്സിലാകുന്നത്. പിന്നീട് സിദ്ദിഖ് മരിച്ചതോടെയാണ് ഇവർ മാനാഞ്ചിറയിൽ പോയി ട്രോളി ബാഗ് വാങ്ങിയത്. ഒരു ട്രോളി ബാഗിൽ മൃതദേഹം കയറില്ലെന്ന് മനസ്സിലായപ്പോൾ പിറ്റേന്ന് ഒരു ഇലക്ട്രിക് കട്ടർ വാങ്ങി. അതും കോഴിക്കോട്ടു നിന്നാണ് വാങ്ങിയത്. പിന്നീട് മൃതദേഹം കഷ്ണങ്ങളാക്കാൻ തീരുമാനിച്ചു. അതിനായി മുൻപു വാങ്ങിയ കടയിൽനിന്നു തന്നെ ഒരു ട്രോളി ബാഗും കൂടി വാങ്ങി. കൊലപ്പെടുത്തിയ ജി 4 റൂമിന്റെ ബാത്ത്‌റൂമിൽ വച്ചാണ് മൃതദേഹം കഷ്ണങ്ങളാക്കിയത്.
അതിനു ശേഷം രണ്ട് ട്രോളി ബാഗുകളിലാക്കി മൃതദേഹം കയറ്റി അട്ടപ്പാടി ചുരത്തിൽ ഉപേക്ഷിച്ചു. ആയുധങ്ങളും രക്തം പുരണ്ട വസ്ത്രങ്ങളും ഉൾപ്പെടെയുള്ളവ മറ്റൊരിടത്ത് ഉപേക്ഷിച്ചു. സിദ്ദിഖിന്റെ കാറും വഴിയിൽ ഉപേക്ഷിച്ചു. കേസുമായി ബന്ധപ്പെട്ട മറ്റു വസ്തുക്കളും തെളിവു നശിപ്പിക്കാനായി ഉപേക്ഷിച്ചു. ഇതെല്ലാം എവിടെയാണെന്ന് പ്രതികൾ പറഞ്ഞിട്ടുണ്ട്. തെളിവു ശേഖരണത്തിനായി പ്രതികളുമായി പോകും. ഇതെല്ലാം ഇന്നു തന്നെ നടത്തും.’
Discover more from Radio Keralam 1476 AM News
Subscribe to get the latest posts sent to your email.

