സി​ദ്ധാർത്ഥന്റെ മരണം: സർവകലാശാല അധികൃതർക്ക് കുറ്റക്കാരെ തിരിച്ചെടുക്കാൻ ധൃതിയെന്താണെന്ന് അറിയില്ലെന്ന് അച്ഛൻ ജയപ്രകാശ്

പൂക്കോട് വെറ്ററിനറി സര്‍വകലാശാല വിദ്യാർത്ഥി സിദ്ധാർത്ഥന്റെ മരണവുമായി ബന്ധപ്പെട്ട് നടപടി നേരിട്ട 2 വിദ്യാര്‍ത്ഥികള്‍ക്ക് തുടര്‍പഠനത്തിന് അനുമതി നല്‍കിയതില്‍ പ്രതികരണവുമായി അച്ഛൻ ജയപ്രകാശ്.

കോടതിക്ക് വിഷയം ​ഗുരുതരമെന്ന് ബോധ്യപ്പെട്ടതായി ജയപ്രകാശ് പറഞ്ഞു. സർവകലാശാല അധികൃതർക്ക് കുറ്റക്കാരെ തിരിച്ചെടുക്കാൻ ധൃതിയെന്താണെന്ന് അറിയില്ലെന്ന് പറഞ്ഞ ജയപ്രകാശ് കോടതി ഉത്തരവ് നിലനിൽക്കെയാണ് രണ്ട് വിദ്യാർത്ഥികളെ തിരിച്ചെടുത്തതെന്നും ചൂണ്ടിക്കാട്ടി. അന്വേഷണത്തിന് ഇനിയും സമയം ചോദിക്കുന്നത് എന്തിനാണെന്ന് അറിയില്ലെന്നും ജയപ്രകാശ് കൂട്ടിച്ചേർത്തു. 

ഈ രണ്ട് വിദ്യാര്‍ത്ഥികളെയും ഒരു വർഷത്തേക്ക് കോളേജിൽ നിന്ന് പുറത്താക്കിയിരുന്നു. ഒരു വർഷം പൂർത്തിയായ സാഹചര്യത്തിലാണ് തിരിച്ചെടുത്തത്. 2023 ലെ വിദ്യാർത്ഥികൾക്കൊപ്പം ഇവർക്ക് പഠനം തുടരാം. അതേസമയം, പ്രതിപട്ടികയിൽ ഉൾപ്പെടാത്ത വിദ്യാർത്ഥികളെയാണ് തിരികെ എടുത്തത്. പ്രതികൾക്ക് മണ്ണുത്തിയിൽ തുടർപഠനത്തിന് അനുമതി നൽകിയതിന് എതിരായ ഹർജി നിലവിൽ കോടതിയുടെ പരിഗണനയിലുണ്ട്. 

ഇതിനിടെ  സിദ്ധാ‌ർത്ഥന്റെ മരണവുമായി ബന്ധപ്പെട്ട് പ്രതികളായ വിദ്യാർഥികൾക്കെതിരായ അന്വേഷണം ഈ മാസം മുപ്പത്തിയൊന്നിനകം പൂർത്തിയാക്കാൻ ഹൈക്കോടതിയിലെ ബെ‌ഞ്ച് നിർദേശിച്ചു. വിദ്യാർഥികൾക്ക് പഠനാനുമതി നൽകിയ സിംഗിൾ ബെഞ്ച് ഉത്തരവ് ചോദ്യം ചെയ്ത് മരിച്ച സിദ്ധാർഥന്‍റെ മാതാവ് നൽകിയ ഹർ‍ജിയിലാണ് നിർദേശം. അന്വേഷണത്തിന് കൂടുതൽ സമയം വേണമെന്ന വെറ്റിനറി സർ‍വകലാശാലയുടെ ആവശ്യം ഡിവിഷൻ ബെഞ്ച് നിരസിച്ചു.

Leave a Reply

Your email address will not be published. Required fields are marked *