‘സാമ്പത്തിക ഇടപാടുകൾ ഒന്നുമില്ല’; നന്ദകുമാറിനെതിരെ തിരഞ്ഞെടുപ്പ് കമ്മിഷന് പരാതി നൽകുമെന്ന് അനിൽ ആന്റണി

ടി ജി നന്ദകുമാറിനെതിരെ തിരഞ്ഞെടുപ്പ് കമ്മിഷന് പരാതി നൽകുമെന്ന് പത്തനംതിട്ടയിലെ എൻഡിഎ സ്ഥാനാർഥി അനിൽ ആന്റണി. തെളിവു കൊണ്ടുവരുമെന്ന് നാളുകളായി നന്ദകുമാർ പറയുന്നുണ്ട്. തിരഞ്ഞെടുപ്പിനു രണ്ടു ദിവസം ശേഷിക്കെയാണ് വിവാദവുമായി വരുന്നത്. വിഷുവിന് തെളിവ് പുറത്തുവിടുമെന്നാണ് ആദ്യം പറഞ്ഞത്. പിന്നീട് അതൊന്നും കണ്ടില്ല. 2016ൽ തന്നെ കള്ളക്കേസിൽ കുടുക്കാൻ നന്ദകുമാർ ശ്രമിച്ചിട്ടുണ്ടെന്നും അനിൽ ആന്റണി പറഞ്ഞു.

‘ആൻഡ്രൂസ് ആന്റണിയെ നന്നായി അറിയാം. വല്ലവരുടെയും ചിത്രം പുറത്തുവിട്ടതിന് ഞാൻ എന്ത് ചെയ്യണം? മാധ്യമങ്ങൾ കോൺഗ്രസിനെ വിജയിപ്പിക്കാൻ വേണ്ടിയാണ് പണിയെടുക്കുന്നത്. ആന്റോ ആന്റണിയും അദ്ദേഹത്തിന്റെ മൂന്നു സഹോദരന്മാരും സഹകരണ ബാങ്കുകൾ കൊള്ളയടിച്ചതിന്റെ രേഖകൾ എന്റെ പക്കലുണ്ട്. നന്ദകുമാറുമായി ഒരു സാമ്പത്തിക ഇടപാടുമില്ല. അയാളെ എനിക്ക് അറിയില്ല. തിരഞ്ഞെടുപ്പ് പ്രചാരണ പ്രവർത്തനങ്ങളെ മന്ദഗതിയിലാക്കാനുള്ള ബോധപൂർവമായ നീക്കമാണ് നടത്തുന്നത്’ അനിൽ ആന്റണി പറഞ്ഞു.

അനിൽ പണം വാങ്ങിയെന്ന് തെളിയിക്കുന്ന ചിത്രങ്ങളും രേഖകളും മാധ്യമങ്ങൾക്ക് മുന്നിൽ നിരത്തിയായിരുന്നു നന്ദകുമാറിന്റെ വാർത്താസമ്മേളനം. എൻഡിഎ അധികാരത്തിൽ വന്നാലും ഇന്ത്യ അധികാരത്തിൽ വന്നാലും താൻ ഉന്നയിച്ച ആരോപണങ്ങൾ അന്വേഷിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.


Discover more from Radio Keralam 1476 AM News

Subscribe to get the latest posts sent to your email.

Leave a Reply