സര്‍ക്കാർ ജീവനക്കാർക്ക് ട്യൂഷൻ സെന്ററുകളോ കോച്ചിങ് സെന്ററുകളോ നടത്താൻ കഴിയില്ല: കേരള സര്‍വീസ് റൂൾസ്

സര്‍ക്കാർ ജീവനക്കാർക്ക് ട്യൂഷൻ സെന്ററുകളോ കോച്ചിങ് സെന്ററുകളോ നടത്താൻ കഴിയില്ലെന്ന് വ്യക്തമാക്കി കേരള സര്‍വീസ് റൂൾസ് ഭേദഗതി ചെയ്തു. സർക്കാർ ഉദ്യോഗസ്ഥരിൽ ചിലർ ജോലിയുടെ ഇടവേളകളിൽ ഇത്തരം സെന്ററുകളിൽ ജോലി ചെയ്യുന്നതായി പരാതികള്‍ ലഭിച്ചതിനെ തുടർന്നാണ് നടപടി. ഇത്തരത്തില്‍ കണ്ടെത്തിയാല്‍ വകുപ്പുതല അന്വേഷണത്തിനു ശേഷം കര്‍ശന നടപടി സ്വീകരിക്കും.

ട്യൂഷൻ, കോച്ചിങ് സെന്ററുകളിൽ ജോലി ചെയ്യരുതെന്ന് നിർദേശിച്ച് 2020 നവംബറിൽ ഭരണപരിഷ്ക്കാര വകുപ്പ് സർക്കുലർ ഇറക്കിയിരുന്നു. ഈ സർക്കുലറിനു നിയമപരമായി അംഗീകാരം ലഭിക്കുന്നതിനാണ് കെഎസ്ആറിൽ ഭേദഗതി വരുത്തി വിജ്ഞാപനം ഇറക്കിയത്.

സർക്കാർ ഉദ്യോഗസ്ഥർ ഓഫിസ് സമയത്തും അല്ലാതെയും സ്വകാര്യ ട്യൂഷൻ സെന്ററുകളിൽ ക്ലാസെടുക്കുന്നതായും ഇതിനു പ്രതിഫലം പറ്റുന്നതായും വിജിലൻസ് കണ്ടെത്തിയിരുന്നു. വിജിലൻസ് ഡയറക്ടർക്ക് ലഭിച്ച പരാതികളുടെ അടിസ്ഥാനത്തിൽ നൂറിലധികം സെന്ററുകളിൽ പരിശോധന നടത്തി. 2018ൽ തിരുവനന്തപുരം, കൊല്ലം, എറണാകുളം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, തൃശൂർ, പാലക്കാട്, കോഴിക്കോട് ജില്ലകളിലാണ് പരിശോധന നടന്നത്. അധ്യാപകരും കെഎസ്ആർടിസി കണ്ടക്ടറും ഡെപ്യൂട്ടി പ്രിസൺ ഓഫിസറും ട്യൂഷനെടുക്കുന്നതായി കണ്ടെത്തി.

സർക്കാർ ജീവനക്കാർ സാമ്പത്തിക നേട്ടത്തിനായി പ്രവർത്തിക്കുമ്പോൾ ജനങ്ങൾക്ക് സേവനങ്ങൾ കൃത്യമായി ലഭിക്കുന്നില്ലെന്ന് വിജിലൻസ് റിപ്പോർട്ട് നൽകി. തുടർന്നാണ് ഇത്തരം സ്ഥാപനങ്ങളിൽ സർക്കാർ ജീവനക്കാർ പ്രവർത്തിക്കരുതെന്ന് വ്യക്തമാക്കി സർക്കുലർ ഇറക്കിയത്.


Discover more from Radio Keralam 1476 AM News

Subscribe to get the latest posts sent to your email.

Leave a Reply