സജി ചെറിയാനെതിരെ കേസില്ല, രാജി ധാർമ്മികത കണക്കാക്കി: എംവി ഗോവിന്ദൻ

സജി ചെറിയാനെതിരെ നിലവിൽ കേസൊന്നുമില്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ. അദ്ദേഹം രാജിവെച്ചത് ധാർമ്മികത കണക്കാക്കിയാണ്. മന്ത്രിസ്ഥാനത്തേക്ക് സജി ചെറിയാനെ തിരികെ കൊണ്ടുവരുന്ന കാര്യം പാർട്ടി ചർച്ച ചെയ്തിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. ഇന്ന് എകെജി സെന്ററിൽ സംസ്ഥാന സെക്രട്ടേറിയേറ്റ് യോഗത്തിന് ശേഷം മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഗവർണർ വിഷയത്തിൽ സംസ്ഥാന സർക്കാരിന്റെ നിലപാട് പ്രതിപക്ഷം സ്വാഗതം ചെയ്തെന്ന് അദ്ദേഹം പറഞ്ഞു. യുഡിഎഫ് ഗുരുതര പ്രതിസന്ധിയിലാണ്. മുസ്ലിം ലീഗടക്കമുള്ള മറ്റ് യുഡിഎഫ് പാർട്ടികളുടെ വഴിയേ കോൺഗ്രസിന് വരേണ്ടി വന്നു. വിഴിഞ്ഞം വിഷയത്തിൽ കൃത്യമായ നിലപാടാണ് ആദ്യം മുതൽ എൽഡിഎഫ് എടുത്തത്. എന്നാൽ കലക്കവെള്ളത്തിൽ മീൻ പിടിക്കാനായിരുന്നു യുഡിഎഫിന്റെ ശ്രമം. എന്നാൽ അവിടെയും അവർക്ക് തിരിച്ചടിയുണ്ടായെന്നും എംവി ഗോവിന്ദൻ പറഞ്ഞു.

മത്സ്യത്തൊഴിലാളികളുടെ എല്ലാ പ്രശ്നവും പരിഹരിക്കുമെന്ന് അദ്ദേഹം വ്യക്തമാക്കി. കേന്ദ്രസർക്കാരിന്റെ പല വിഷയത്തിലുമുള്ള നിലപാട് സംസ്ഥാനത്തിന് എതിരാണ്. സാമ്പത്തിക രംഗത്ത് ദോഷകരമായ ഇടപെടലാണ് കേന്ദ്രസർക്കാർ നടത്തുന്നത്. എന്നാൽ യുഡിഎഫ് എംപിമാർ കേരളത്തിന് വേണ്ടി സംസാരിക്കുന്നില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി. 

ഗവർണർ വിഷയത്തിലും വിഴിഞ്ഞം സമരത്തിലും കൂടുതൽ വ്യക്തത ജനങ്ങൾക്കുണ്ടായി. രണ്ടാം തവണയും ഇടത് സർക്കാർ അധികാരത്തിൽ വന്നപ്പോൾ തുടക്കം മുതലേ കടന്നാക്രമണം ഉണ്ടായി. സാധാരണ സർക്കാർ അധികാരത്തിൽ വന്നാൽ അൽപ്പം സമയം നൽകിയാണ് സാധാരണ ഗതിയിൽ സമരങ്ങൾ ഉണ്ടാവാറ്. എന്നാൽ ഈ സർക്കാർ വന്നപ്പോൾ മുതൽ ഇടത് പക്ഷമെന്ന വ്യാജേനെ വലത് പക്ഷത്തിന്റെയും വലതുപക്ഷത്തുമുള്ള ആളുകൾ ഓരോ വിഷയത്തിലും സ്വീകരിച്ച നിലപാട് ഇതിന്റെ ഭാഗമാണ്. 


Discover more from Radio Keralam 1476 AM News

Subscribe to get the latest posts sent to your email.

Leave a Reply