സംസ്ഥാന സർക്കാരിന് തിരിച്ചടി; സാങ്കേതിക സർവകലാശാല മുൻ വിസി സിസ തോമസിനെതിരായ ഹർജി സുപ്രീംകോടതി തള്ളി

സാങ്കേതിക സർവകലാശാല മുൻ വിസി സിസ തോമസിനെതിരായ സർക്കാരിന്റെ ഹർജി സുപ്രീം കോടതി തള്ളി. ഗവർണർ-സർക്കാർ പ്രശ്നങ്ങളിൽ വ്യക്തികളെ ബുദ്ധിമുട്ടിക്കരുതെന്ന മുന്നറിയിപ്പും സംസ്ഥാന സർക്കാരിന് സുപ്രീംകോടതി നൽകി. സുപ്രീംകോടതി വിധിയിൽ സന്തോഷമുണ്ടെന്ന് സിസാ തോമസ് പ്രതികരിച്ചു. സിസ തോമസിനെതിരായ നടപടി ഹൈക്കോടതി റദ്ദാക്കിയതിനെതിരെയാണ്‌ സംസ്ഥാന സർക്കാർ സുപ്രീംകോടതിയെ സമീപിച്ചത്.

കേസിൽ വിശദമായ വാദം പോലും കേള്‍ക്കാതെയാണ് സര്‍ക്കാരന്‍റ ഹര്‍ജി സുപ്രീംകോടതി തള്ളിയത്. കേരള സാങ്കേതിക സർവകലാശാല മുൻ വൈസ് ചാൻസലർ സിസ തോമസിനെതിരായ നടപടിയിൽ ഹൈക്കോടതി കൃത്യമായ ഇടപെടൽ നടത്തിയിട്ടുണ്ടെന്നും സുപ്രീംകോടതി ഇതിൽ ഇടപെടുന്നില്ല എന്നും വ്യക്തമാക്കി. സിസാ തോമസിനെതിരെ അച്ചടക്കനടപടി സ്വീകരിക്കാനും കാരണം കാണിക്കൽ നോട്ടീസ് നൽകാനുമുള്ള സർക്കാർ തീരുമാനം ഹൈക്കോടതി ഡിവിഷൻ ബഞ്ച് റദ്ദാക്കിയിരുന്നു.

ഡോക്ടർ എം എസ് രാജശ്രീയെ അയോഗ്യാക്കിയതിന് പിന്നാലെയാണ് ഗവർണർ സിസ തോമസിനെ കെടിയു വിസി സ്ഥാനത്തേക്ക് നിയമിച്ചത്. നിയമനം ചട്ടവിരുദ്ധം എന്നായിരുന്നു സർക്കാർ നിലപാട്. സിസ തോമസ് വിരമിച്ച ശേഷം പെൻഷൻ ആനുകൂല്യങ്ങൾ ലഭിച്ചിരുന്നില്ല. വിവരാവകാശ നിയമപ്രകാരം സമീപിച്ചപ്പോഴാണ് സർക്കാർ സുപ്രീംകോടതിയെ സമീപിക്കുന്ന കാര്യം അറിഞ്ഞത്.

സർക്കാർ അപ്പീലിനെതിരെ തടസഹർജിയും സിസാ തോമസ് സുപ്രീംകോടതിയിൽ ഫയൽ ചെയ്തിരുന്നു. സിസാ തോമസിന് ആശ്വാസം പകരുന്ന ഇടപെടലാണ് സുപ്രീംകോടതിയിൽ നിന്ന് ഉണ്ടായത്.


Discover more from Radio Keralam 1476 AM News

Subscribe to get the latest posts sent to your email.

Leave a Reply