കേരളത്തിൽ കഴിഞ്ഞ 24 മണിക്കൂറിൽ നാല് ജില്ലകളിൽ ഉയർന്ന തോതിലുള്ള അൾട്രാ വയലറ്റ് രശ്മികളുടെ സാന്നിദ്ധ്യം രേഖപ്പെടുത്തി. കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, ഇടുക്കി ജില്ലകളിലാണ് അൾട്രാ വയലറ്റ് സൂചികയിൽ ഇന്നലെ ഓറഞ്ച് അലെർട്ട് രേഖപ്പെടുത്തിയത്.
പൊതുജനങ്ങളിൽ നിന്ന് അതീവ ജാഗ്രത ആവശ്യമുള്ളതാണ് ഈ ഓറഞ്ച് അലെർട്ട് യുവി ഇൻഡക്സ് അനുസരിച്ച് കൊല്ലം ജില്ലയിലെ കൊട്ടാരക്കരയിൽ – 9, പത്തനംതിട്ട ജില്ലയിലെ കോന്നി – 8, ആലപ്പുഴ ജില്ലിയിലെ ചെങ്ങന്നൂർ -8, ഇടുക്കിയിലെ മൂന്നാർ-8 എന്നിങ്ങനെയാണ് അൾട്രാ വയലറ്റ് രശ്മികളുടെ അളവ്. അൾട്രാ വയലറ്റ് സൂചിക 11ന് മുകളിൽ എത്തുമ്പോഴാണ് റെഡ് അലെർട്ട് നൽകുന്നത്.
കോട്ടയം, പാലക്കാട്, മലപ്പുറം, കോഴിക്കോട് ജില്ലകളിൽ യുവി ഇൻഡക്സ് 6 മുതൽ ഏഴ് വരെയുള്ള തോതിലായതിനാൽ യെല്ലോ അലെർട്ടാണ് നൽകിയിരിക്കുന്നത്. തിരുവനന്തപുരം, എറണാകുളം, തൃശ്ശൂർ, വയനാട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ യുവി ഇൻഡക്സ് അഞ്ചും അതിൽ താഴെയുമാണ്. ഉഷ്ണ മേഖലാ പ്രദേശങ്ങളിലും ഉയരം കൂടിയ മലമ്പ്രദേശങ്ങളിലുമാണ് സാധരണയായി ഉയർന്ന യുവി സൂചിക രേഖപ്പെടുത്താറുള്ളത്.
തുടർച്ചയായി കൂടുതൽ സമയം അൾട്രാവയലറ്റ് രശ്മികൾ ശരീരത്തിൽ ഏൽക്കുന്നത് സൂര്യാതപത്തിനും ത്വക്ക് രോഗങ്ങൾക്കും നേത്രരോഗങ്ങൾക്കും മറ്റ് ആരോഗ്യ പ്രശ്നങ്ങൾക്കും കാരണമായേക്കാം. അതുകൊണ്ടു തന്നെ പൊതുജനങ്ങൾ സുരക്ഷാ മുൻകരുതലുകൾ സ്വീകരിക്കണമെന്ന് സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി അറിയിച്ചു.
Discover more from Radio Keralam 1476 AM News
Subscribe to get the latest posts sent to your email.

