സംസ്ഥാനത്തെ വൈദ്യുതി ഉപഭോഗം 11 കോടി യൂണിറ്റ് കടന്നു

സംസ്ഥാനത്ത് പ്രതിദിന വൈദ്യുതി ഉപഭോഗം വീണ്ടും സർവ്വകാല റെക്കോർഡിൽ. ആദ്യമായി പ്രതിദിന വൈദ്യുതി ഉപയോഗം 11 കോടി യൂണിറ്റ് കടന്നു. 110.10 ദശലക്ഷം യൂണിറ്റാണ് ഇന്നലത്തെ മൊത്ത വൈദ്യുതി ഉപഭോഗം. പീക് ടൈമിലെ വൈദ്യുതി ആവശ്യകതയും സർവകാല റെക്കോർഡിലാണ്. ഇന്നലെ പീക് ടൈം ആവശ്യകത 5487 മെഗാ വാട്ടായിരുന്നു.

വൈദ്യുത വാഹനങ്ങളുടെ എണ്ണം വൻതോതിൽ വർദ്ധിച്ചുവരുന്ന സാഹചര്യമാണ് നിലവിലുള്ളത്. ചാർജ് ചെയ്യുമ്പോൾ, ഒരേ നിരക്കിൽ വലിയ തോതിൽ വൈദ്യുതി ഉപയോഗിക്കുന്ന വൈദ്യുതി വാഹനങ്ങൾ രാത്രി സമയത്ത് ചാർജ് ചെയ്യുന്നതുമൂലം ട്രാൻസ്ഫോർമറുകളുടെ ലോഡ് കൂടുന്നതിനും ഫ്യൂസ് പോകുന്നതിനും ഇടയാകുന്നുണ്ട്.

ഇക്കാരണത്താൽ ഒരു പ്രദേശമാകെ ഇരുട്ടിലാകുന്ന സാഹചര്യമാണ് സംജാതമാകുന്നത്. കഴിയുന്നതും വൈദ്യുതി വാഹനങ്ങളുടെ ചാർജിംഗ് രാത്രി 12 ന് ശേഷമോ പകലോ ക്രമീകരിക്കുന്നത് ഉചിതമായിരിക്കും. വാഹനങ്ങളുടെ ബാറ്ററിയുടെ ദീർഘായുസ്സിനും അതാണ് ഗുണകരം.

വൈകീട്ട് 6 മുതൽ 12 വരെയുള്ള സമയത്ത് അത്യാവശ്യമല്ലാത്ത എല്ലാ വൈദ്യുതോ പകരണങ്ങളും ഓഫ് ചെയ്തും, മാറ്റിവയ്ക്കാവുന്ന പ്രവർത്തനങ്ങൾ പകൽ സമയത്തേക്ക് പുന:ക്രമീകരിച്ചും, ഓട്ടോമാറ്റിക് പമ്പ്സെറ്റുകളുടെ പ്രവർത്തനം ഓഫ് ചെയ്തും സഹകരിക്കണം എന്ന് അഭ്യർത്ഥിക്കുന്നു.

ഇത്തരത്തിൽ സാമൂഹികാവബോധത്തോടെയുള്ള ഇടപെടൽ നമ്മെ ഊർജ്ജ സാക്ഷരരാക്കുകയും അതുവഴി കേരളം പരിസ്ഥിതി സൗഹൃദവും സുസ്ഥിരം വികസന സംസ്കാരവുമുള്ള മികച്ച സംസ്ഥാനമായി മാറുകയും ചെയ്യും.


Discover more from Radio Keralam 1476 AM News

Subscribe to get the latest posts sent to your email.

Leave a Reply