പ്രതിപക്ഷ അംഗങ്ങളെ രൂക്ഷമായി വിമർശിച്ച് സ്പീക്കർ എ.എൻ.ഷംസീർ. പ്രതിപക്ഷ അംഗങ്ങൾ നടുത്തളത്തിൽ ബാനറുമായി പ്രതിഷേധിച്ചപ്പോഴായിരുന്നു സ്പീക്കറുടെ വിമർശനവും പരിഹാസവും. പ്രതിപക്ഷ അംഗങ്ങളിൽ പലരും നേരിയ ഭൂരിപക്ഷത്തിൽ ജയിച്ചവരാണെന്നു പറഞ്ഞ സ്പീക്കർ, ഇതെല്ലാം ജനങ്ങൾ കാണുന്നുണ്ടെന്നും ഷാഫി പറമ്പിൽ അടുത്ത തവണത്തെ തിരഞ്ഞെടുപ്പിൽ തോൽക്കുമെന്നും മുന്നറിയിപ്പു നൽകി.
ബ്രഹ്മപുരം മാലിന്യ വിഷയത്തിൽ പ്രതിഷേധിച്ച കൊച്ചി കോർപറേഷനിലെ യുഡിഎഫ് കൗൺസിലർമാരെ പൊലീസ് മർദിച്ച സംഭവത്തിൽ അടിയന്തര പ്രമേയത്തിന് അനുമതി നിഷേധിച്ചതിനെ തുടർന്നാണ് പ്രതിപക്ഷം സഭയുടെ നടുത്തളത്തിലിറങ്ങി പ്രതിഷേധിച്ചത്. എൻ.ജയരാജിനെ സ്പീക്കർ ശ്രദ്ധക്ഷണിക്കലിനായി ക്ഷണിച്ചു. പ്രതിപക്ഷം ബാനർ ഉയർത്തിയതിനാൽ സ്പീക്കറെ കാണാനാകുന്നില്ലെന്ന് ജയരാജ് പറഞ്ഞു. ഡയസിനു മുന്നിൽ ബാനർ ഉയർത്തിയതിനാൽ മുഖം കാണാനാകുന്നില്ലെന്നും അങ്ങനെ ചെയ്യരുതെന്നും സ്പീക്കർ പറഞ്ഞു.
‘ടി.ജെ.വിനോദ് എറണാകുളത്തെ ആളുകൾ ഇതെല്ലാം കാണുന്നുണ്ട്. മുഖം മറയ്ക്കുന്ന രീതിയിൽ ബാനർ പിടിക്കരുത്. ജനങ്ങൾ കാണുന്നുണ്ട്. ആ ബോധ്യമുണ്ടായാൽ മതി. മഹേഷ്, കരുനാഗപ്പള്ളിയിലെ ജനങ്ങള്‍ കാണുന്നുണ്ട്. റോജി ഇത് അങ്കമാലിയിലെ ജനങ്ങൾ കാണുന്നുണ്ട്. അതേ എനിക്ക് പറയാനുള്ളൂ. ചെറിയ മാർജിനിലാണ് പലരും ജയിച്ചത്. ചാലക്കുടിയിലെ ജനങ്ങൾ ഇത് കാണുന്നുണ്ട്. 16–ാം സഭയിൽ വരേണ്ടതാണ്. വെറുതേ ഇമേജ് മോശമാക്കരുത്. എല്ലാവരും ചെറിയ ഭൂരിപക്ഷത്തിൽ ജയിച്ചവരാണ്. ഇതൊക്കെ ജനങ്ങൾ കാണുന്നുണ്ട്. ഷാഫി, അടുത്ത തവണ തോൽക്കും.അവിടെ തോൽക്കും’–സ്പീക്കർ പറഞ്ഞു.
Discover more from Radio Keralam 1476 AM News
Subscribe to get the latest posts sent to your email.

