‘ഷമ പറഞ്ഞത് സത്യം’; വനിതകൾക്ക് ‌പ്രാതിനിധ്യം കൊടുക്കാൻ കഴിയാത്തതിൽ വിഷമമുണ്ടെന്ന് സതീശൻ

സ്ഥാനാർഥി നിർണയത്തിൽ വനിതകൾക്ക് പ്രാതിനിധ്യം കുറവാണെന്നും കൊടുക്കാൻ കഴിയാത്തതിൽ ഞങ്ങൾക്ക് വിഷമം ഉണ്ടെന്നും പ്രതിപക്ഷനേതാവ് വി.ഡി സതീശൻ. ലോക്സഭാ തിരഞ്ഞെടുപ്പ് സ്ഥാനാർഥി നിർണയത്തിൽ കേരളത്തിലെ കോൺഗ്രസ് നേതൃത്വം സ്ത്രീകൾക്ക് പ്രാധാന്യം നൽകിയില്ലെന്ന ഷമ മുഹമ്മദിന്റെ വിമർശനത്തോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

‘‘ഷമ മുഹമ്മദ് പാവം കുട്ടിയാണ്. അവരുമായി ഞാൻ സംസാരിച്ചു. പാർട്ടിയുമായി പൂർണ്ണമായും സഹകരിച്ച് മുന്നോട്ട് പോകുമെന്ന് ഉറപ്പുനൽകിയിട്ടുണ്ട്. പ്രസിഡന്റ് പറഞ്ഞത് ആ ഉദ്ദേശത്തിലല്ല. കോൺഗ്രസിനെതിരെ ഒരു കാര്യവും പരസ്യമായി പറയില്ലെന്നും കോൺഗ്രസിനുവേണ്ടി പ്രവർത്തിക്കാൻ കേരളത്തിൽ കൂടുതൽ സമയം ചെലവഴിക്കുമെന്നും ഷമ പറഞ്ഞു.’’–സതീശൻ വിശദീകരിച്ചു. 

‘‘വനിതകൾക്ക് പ്രാതിനിധ്യം കൊടുത്തില്ലെന്നു ഷമ പറഞ്ഞതു ശരിയാണ്. അത് സത്യമാണ്. ആവശ്യമായ പ്രാതിനിധ്യം കൊടുക്കാൻ ഞങ്ങൾക്കു പറ്റിയില്ല. അതിൽ വിഷമമുണ്ട്. ചെയ്യണ്ടതായിരുന്നു. സിറ്റിങ് എംപിമാർ വന്നപ്പോൾ പ്രായോഗികമായി  വനിതകൾക്കു സീറ്റ് കൊടുക്കാൻ പറ്റിയില്ല. ആദ്യത്തെ രാജ്യസഭാ സീറ്റ് വന്നപ്പോൾ വനിതയ്ക്ക് അല്ലേ കൊടുത്തത്. ഇനിയൊരു അവസരം വരുമ്പോൾ തീർച്ചയായും പരിഹരിക്കും. വനിതകളെ വേണ്ടവിധത്തിൽ പരിഗണിക്കാൻ പറ്റിയില്ലെന്നതിൽ നേതൃത്വത്തിനു കുറ്റബോധമുള്ള കാര്യമാണ്’’.–സതീശൻ വിശദീകരിച്ചു.

എന്നാൽ ഷമ മുഹമ്മദ് പാർട്ടിയുടെ ആരുമല്ലെന്നും വിമർശനത്തെ കുറിച്ച് അവരോടു തന്നെ ചോദിച്ചാൽ മതിയെന്നുമായിരുന്നു ഇന്നലെ സുധാകരൻ മാധ്യമങ്ങളോടു പറഞ്ഞത്. ഇതിനു പിന്നാലെ ഫെയ്സ്ബുക്കിൽ മൈ ഐഡി എന്ന അടിക്കുറിപ്പോടെ എഐസിസി വക്താവ് എന്നുള്ള ചിത്രം ഷമ പങ്കുവച്ചു. 


Discover more from Radio Keralam 1476 AM News

Subscribe to get the latest posts sent to your email.

Leave a Reply