ദുരന്തബാധിത പ്രദേശമായ മേപ്പാടി പഞ്ചായത്തിൽ പഠനത്തിനും സന്ദർശനത്തിനും മുൻകൂർ അനുമതി വാങ്ങണമെന്ന് റവന്യൂ പ്രിൻസിപ്പൽ സെക്രട്ടറി ടിങ്കു ബിസ്വാളിന്റെ ഉത്തരവ് മുഖ്യമന്ത്രി ഇടപെട്ട് പിൻവലിച്ചിരുന്നു. വിഷയത്തിൽ മുഖ്യമന്ത്രിയോട് നന്ദി പറഞ്ഞിരിക്കുകയാണ് ദുരന്തനിവാരണ വിദഗ്ദ്ധൻ മുരളി തുമ്മാരുകുടി. ശാസ്ത്രജ്ഞന്മാർ വേഗത്തിൽ ഗവേഷണം നടത്തുന്നതോ മാധ്യമങ്ങളോട് അമിതമായി സംസാരിക്കുന്നതോ അല്ല നമ്മുടെ പ്രശ്നമെന്നും, യഥാർത്ഥ ശാസ്ത്രജ്ഞന്മാർ മാധ്യമങ്ങളോട് സംസാരിക്കാൻ പേടിച്ചിരിക്കുകയും ശാസ്ത്ര പഠനങ്ങൾ വർഷങ്ങൾക്ക് ശേഷം മാത്രം ഉണ്ടാവുകയും ചെയ്യുന്നു എന്നതാണ് പ്രശ്നമെന്നും അദ്ദേഹം വ്യക്തമാക്കി.
പോസ്റ്റിന്റെ പൂർണ്ണരൂപം
ഏറെ നന്ദി മുഖ്യമന്ത്രി പിണറായി വിജയൻ,
ശരിയായ നിർദ്ദേശമാണ്, വളരെ സന്തോഷം നൽകുന്ന ഒന്നാണ്, പ്രതീക്ഷിച്ചതാണ്.
മാതൃകാപരമായ ദുരന്ത നിവാരണമാണ് നടന്നു കൊണ്ടിരിക്കുന്നത്. അതിനിടക്ക് ഇത്തരത്തിൽ ഒരു നിയന്ത്രണത്തിന്റെ ആവശ്യമില്ലായിരുന്നു.
നമ്മുടെ ശാസ്ത്രജ്ഞന്മാർ വേഗത്തിൽ ഗവേഷണം നടത്തുന്നതോ മാധ്യമങ്ങളോട് അമിതമായി സംസാരിക്കുന്നതോ അല്ല നമ്മുടെ പ്രശ്നം. യഥാർത്ഥ ശാസ്ത്രജ്ഞന്മാർ മാധ്യമങ്ങളോട് സംസാരിക്കാൻ പേടിച്ചിരിക്കുകയും ശാസ്ത്ര പഠനങ്ങൾ വർഷങ്ങൾക്ക് ശേഷം മാത്രം ഉണ്ടാവുകയും ചെയ്യുന്നു എന്നതാണ്.
സർക്കാർ സംവിധാനങ്ങളിലുള്ള ശാസ്ത്രജ്ഞർക്ക് ഇത്തരം സാഹചര്യങ്ങളിൽ മാധ്യമങ്ങളോട് സംസാരിക്കാൻ പരിശീലനം നൽകുകയും ദുരന്ത നിവാരണത്തിന് ചിലവാക്കുന്നതിൽ ഒരു പങ്ക് ഗവേഷണത്തിന് മാറ്റിവെക്കുകയും വേണം. ദുരന്തത്തിന് ശേഷമുള്ള പുനർ നിർമ്മാണങ്ങൾ ഈ ദുരന്തത്തെ അടിസ്ഥാനമായി പഠിച്ചതിന്റെ വെളിച്ചത്തിലാകണം.
ഈ വിഷയത്തിൽ വേഗത്തിൽ ഇടപെട്ട മുഖ്യമന്ത്രിയോട് വീണ്ടും നന്ദി പറയുന്നു.
മുരളി തുമ്മാരുകുടി
Discover more from Radio Keralam 1476 AM News
Subscribe to get the latest posts sent to your email.

