സംസ്ഥാന സർക്കാർ കെ റൈസ് ബ്രാൻഡിൽ വിപണിയിലെത്തിക്കുന്ന അരിയുടെ വിതരണം 12-ാം തീയതി മുതൽ ആരംഭിക്കും. സംസ്ഥാനതല വിതരണോദ്ഘാടനം തിരുവനന്തപുരത്ത് 12ന് മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കുമെന്ന് ഭക്ഷ്യ മന്ത്രി ജി. ആർ അനിൽ പറഞ്ഞു. ശബരി കെ-റൈസ് (ജയ), ശബരി കെ-റൈസ് (കുറുവ), ശബരി കെ-റൈസ് (മട്ട) അരികളാണ് വിപണിയിലെത്തുന്നത്. ജയ അരി കിലോക്ക് 29 രൂപ നിരക്കിലും മട്ട അരിയും കുറുവ അരിയും കിലോക്ക് 30 രൂപ നിരക്കിലുമാകും വിതരണം ചെയ്യുകയെന്നും മന്ത്രി അറിയിച്ചു.
സപ്ലൈകോ സബ്‌സിഡിയായി റേഷൻ കാർഡ് ഉടമകൾക്കു നൽകിയിരുന്ന അരിയുടെ ഭാഗമായാണ് കെ റൈസ് വിപണിയിൽ എത്തിക്കുന്നത്. റേഷൻ കാർഡ് ഒന്നിന് മാസം തോറും അഞ്ച് കിലോ അരി വീതം നൽകും. ഇതോടൊപ്പം സപ്ലൈകോയിൽ നിന്ന് സബ്‌സിഡി നിരക്കിൽ ലഭിക്കുന്ന മറ്റ് അരികൾ കാർഡ് ഒന്നിന് അഞ്ച് കിലോ വീതം വാങ്ങാമെന്നും മന്ത്രി പറഞ്ഞു.
പൊതുജനങ്ങൾക്ക് കുറഞ്ഞ വിലയിൽ നല്ലയിനം അരി ലഭ്യമാക്കുന്നതിന്റെ ഭാഗമായാണ് സപ്ലൈകോ മുഖേന ശബരി കെ- റൈസ് എന്ന ബ്രാൻഡിൽ അരി വിതരണം ചെയ്യാൻ തീരുമാനിച്ചത്. ടെൻഡർ നടപടികൾ പാലിച്ചു കൊണ്ട് ഗുണനിലാവരം ഉറപ്പു വരുത്തിയാണ് അരി സംഭരിച്ചിട്ടുള്ളത്. തിരുവനന്തപുരത്ത് ജയ അരിയും കോട്ടയം, എറണാകുളം മേഖലയിൽ മട്ട അരിയും, പാലക്കാട്, കോഴിക്കോട് മേഖലയിൽ കുറുവ അരിയുമാകും വിതരണത്തിനെത്തുക. ആദ്യഘട്ടത്തിൽ അഞ്ചുകിലോ അരിയുടെ പാക്കറ്റാണ് നൽകുക.
റേഷൻ കടകൾ വഴി വിതരണം ചെയ്യുന്ന അതേ അരിയാണ് കേന്ദ്ര സർക്കാർ ഭാരത് അരി എന്ന പേരിൽ വിതരണം ചെയ്യുന്നത്. ഭാരത് അരിയുടെ വില 29 രൂപയാണെങ്കിലും നാഫെഡ് അടക്കമുള്ള സ്ഥാപനങ്ങൾ വാങ്ങുന്നത് 18.59 രൂപയ്ക്കാണ്. 10.41 രൂപ ലാഭത്തിനാണ് ഈ അരി വിൽക്കുന്നത്. എന്നാൽ, 9.50 രൂപ മുതൽ 11.11 രൂപ വരെ ബാധ്യത ഏറ്റെടുത്താണ് ശബരി കെ റൈസ് സംസ്ഥാന സർക്കാർ പൊതുജനത്തിനു നൽകുന്നതെന്നും മന്ത്രി അറിയിച്ചു.
Discover more from Radio Keralam 1476 AM News
Subscribe to get the latest posts sent to your email.

