ശബരിമല തീർഥാടനം അലങ്കോലപ്പെടുത്തരുത്; സ്‌പോട്ട് ബുക്കിങ് ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്കും ദേവസ്വം മന്ത്രിക്കും കത്ത് നൽകി വി.ഡി സതീശൻ

ശബരിമല തീർത്ഥാടനം അലങ്കോലപ്പെടുത്തരുതെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. ശബരിമലയിലെ സ്‌പോട്ട് ബുക്കിങ് പുനഃസ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ട് സതീശൻ മുഖ്യമന്ത്രി പിണറായി വിജയനും ദേവസ്വം മന്ത്രി വി എൻ വാസവനും കത്ത് നൽകി. ഓൺലൈൻ ബുക്കിങ് മാത്രം മതിയെന്ന തീരുമാനം ഗുരുതരമായ പ്രശ്നങ്ങൾക്ക് വഴിതെളിക്കുമെന്നും വി ഡി സതീശൻ കത്തിൽ ചൂണ്ടിക്കാട്ടി.

കത്തിൻറെ പൂർണരൂപം:

ശബരിമലയിൽ ഈ വർഷത്തെ മണ്ഡല മകരവിളക്ക് തീർഥാടന വേളയിൽ ഓൺലൈൻ ബുക്കിങ്ങിലൂടെ മാത്രം ഭക്തരെ സന്നിധാനത്തേക്ക് കടത്തി വിട്ടാൽ മതിയെന്നാണ് മുഖ്യന്ത്രിയുടെ അധ്യക്ഷതയിൽ ചേർന്ന അവലോകന യോഗം തീരുമാനിച്ചത്. ഓൺലൈൻ ബുക്കിങ്ങിലൂടെ 80000 പേരെ മാത്രമെ ഒരു ദിവസം പ്രവേശിപ്പിക്കൂ. കഴിഞ്ഞ വർഷം 90000 പേരെ ഓൺലൈൻ ബുക്കിങ്ങിലൂടെ അനുവദിച്ചിരുന്നു. ഇതുകൂടാതെ സ്പോട്ട് ബുക്കിങ്ങിലൂടെ 15000 പേരെയും അനുവദിച്ചിരുന്നു. എന്നിട്ടും നിരവധി പേർക്ക് ദശനം ലഭിക്കാതെ മടങ്ങേണ്ടി വന്നു. ഓൺലൈൻ ബുക്കിങ്ങ് മാത്രം മതിയെന്ന തീരുമാനം ഗുരുതരമായ പ്രശ്നങ്ങൾക്ക് വഴി തെളിക്കും. മറ്റു സംസ്ഥാനങ്ങളിൽ നിന്നും എത്തുന്ന പതിനായിരക്കണക്കിന് ഭക്തർക്ക് ഓൺലൈൻ ബുക്കിങ്ങിനെ കുറിച്ച് അറിയില്ല.

41 ദിവസത്തെ വ്രതമെടുത്ത് എത്തുന്ന ഭക്തർക്ക് ഓൺലൈൻ ബുക്കിങ്ങ് ഇല്ലെന്നതിന്റെ പേരിൽ ദർശനം കിട്ടാതെ മടങ്ങേണ്ടി വരുന്ന സാഹചര്യമുണ്ടാകും. ഓൺലൈൻ ബുക്കിങ്ങ് ഇല്ലാതെ വരുന്നവർക്കും ദർശനം ലഭിക്കുന്നതിനു വേണ്ടിയുള്ള സംവിധാനമുണ്ടാകണം. 2018 വരെ ശബരിമലയിൽ എത്തിയിരുന്നവർക്കെല്ലാം ദർശനം കിട്ടിയിരുന്നു. ഭക്തരെ തടഞ്ഞു നിർത്തുന്ന സ്ഥലങ്ങളിലെല്ലാം ആവശ്യമായ ഭക്ഷണവും പ്രാഥമിക കാര്യങ്ങൾ നിർവഹിക്കുന്നതിനുള്ള സൗകര്യവും ഒരുക്കിയില്ലെങ്കിൽ അപകടകരമായ അവസ്ഥയിലേക്ക് പോകുമെന്ന് സർക്കാരിന് മുന്നറിയിപ്പ് നൽകുന്നു.

മുഴുവൻ ഭക്തർക്കും ദർശനം ഉറപ്പാക്കേണ്ട ചുമതലയിൽ നിന്ന് സർക്കാരും ദേവസ്വം ബോർഡും ഒഴിഞ്ഞ് മാറുകയാണ്. വളരെ ലാഘവത്വത്തോടെയാണ് സർക്കാർ വിഷയം കൈകാര്യം ചെയ്യുന്നത്. ശബരിമല തീർഥാടനത്തെ ദോഷകരമായി ബാധിക്കുന്ന ഒരു തീരുമാനവും സർക്കാർ എടുക്കരുത്. ഈ സാഹചര്യത്തിൽ സ്പോട്ട് ബുക്കിങ്ങിലൂടെ ദർശനം നൽകുന്നതിനുള്ള ക്രമീകരണം പുനഃസ്ഥാപിക്കണമെന്ന് ആവശ്യപ്പെടുന്നു.


Discover more from Radio Keralam 1476 AM News

Subscribe to get the latest posts sent to your email.

Leave a Reply