ശബരിമലയിൽ ആർക്കും പ്രത്യേക പരിഗണന വേണ്ട; ഹെലികോപ്റ്റർ സർവീസ് വാഗ്ദാനം ചെയ്യാൻ പാടില്ലെന്ന് ഹൈക്കോടതി

ശബരിമലയിലേക്ക് ഹെലികോപ്റ്റർ സർവീസോ, വിഐപി ദർശനമോ വാഗ്ദാനം ചെയ്യാൻ പാടില്ലെന്ന് ഹൈക്കോടതി. ഒരു ഓപ്പറേറ്ററും ഇത്തരം വാഗ്ദാനങ്ങൾ നൽകരുതെന്നും കോടതി ഉത്തരവിട്ടു. സന്നിധാനത്ത് ആർക്കും പ്രത്യേക പരിഗണന നൽകാൻ പാടില്ല. ഇക്കാര്യം ദേവസ്വം ബോർഡ് ഉറപ്പു വരുത്തണം. നിലക്കൽ എത്തിയാൽ എല്ലാവരും സാധാരണ ഭക്തരെന്നും ഹൈകോടതി ഉത്തരവിൽ വ്യക്തമാക്കി. സ്വകാര്യ കമ്പനി ഹെലികോപ്റ്ററടക്കം വിഐപി ദർശനം വാഗ്ദാനം ചെയ്ത സംഭവത്തിൽ ഇടപെട്ട്, സ്വമേധയ എടുത്ത കേസിൽ ആണ് കോടതി ഉത്തരവ്.

ശബരിമലയിൽ രണ്ട് തരം തീർഥാടകരെ സൃഷ്ടിക്കാനാകില്ലെന്ന് ഹൈക്കോടതി വ്യക്തമാക്കി. സോപാനത്തിലെ ദർശനത്തിന് നിയന്ത്രണമുണ്ട്. രണ്ട് തരം തീർഥാടകരെ സൃഷ്ടിക്കുന്നത് ശരിയായ രീതിയല്ലെന്നും കോടതി നിരീക്ഷിച്ചു. നിലക്കലിൽ സജീകരിച്ച ഹെലിപ്പാട് താൽക്കാലിക സംവിധാനം മാത്രമാണെന്നും കോടതി വ്യക്തമാക്കി.

ശബരിമലയിലേക്ക് ഹെലികോപ്ടർ സർവീസ് നടത്തുന്നുവെന്നായിരുന്നു എൻഹാൻസ് ഏവിയേഷൻ സർവീസസ് എന്ന സ്വകാര്യ സ്ഥാപനം വെബ്‌സൈറ്റിൽ പരസ്യം നൽകിയത്. ശബരിമല തീർത്ഥാടകർക്ക് കൊച്ചിയിൽ നിന്നും നിലയ്ക്കൽ വരെയായിരുന്നു സ്വകാര്യ കമ്പനി, ഹെലികോപ്റ്റർ വാഗ്ദാനം ചെയ്തത്. കൊച്ചിയിൽ നിന്ന് ഹെലികോപ്ടറിൽ നിലക്കലിലെത്തിക്കുന്ന ഭക്തരെ പമ്പയിലെത്തിച്ച് അവിടെ നിന്ന് സന്നിധാനത്തേക്കു ഡോളിയിൽ കൊണ്ടുപോകുമെന്നും ദർശനം കഴിഞ്ഞ് ഭക്തരെ തിരിച്ച് ഹെലികോപ്ടറിൽ കൊച്ചിയിലെത്തിക്കുമെന്നുമായിരുന്നു പരസ്യം. ഇത് ശ്രദ്ധയിൽപ്പെട്ട കോടതി കഴിഞ്ഞ ദിവസം സ്വമേധയാ കേസെടുക്കുകയായിരുന്നു.


Discover more from Radio Keralam 1476 AM News

Subscribe to get the latest posts sent to your email.

Leave a Reply