ശക്തമായ മഴ; തൃശൂർ ജില്ലയിലെ ഡാമുകൾ തുറന്നു, ജില്ലയിൽ 96 ദുരിതാശ്വാസ ക്യാമ്പുകൾ

തൃശൂർ ജില്ലയിൽ 96 ദുരിതാശ്വാസ ക്യാമ്പുകളിലായി 3980 പേർ. 1292 കുടുംബങ്ങളെയാണ് ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് മാറ്റിത്താമസിപ്പിച്ചത്. പീച്ചി, വാഴാനി, പത്താഴക്കുണ്ട്, അസുരൻക്കുണ്ട്, പൂമല എന്നീ ഡാമുകൾ തുറന്നിട്ടുണ്ടെന്ന് കളക്ടർ അറിയിച്ചു. പെരിങ്ങൽകുത്ത് നിലവിൽ ഒരു സ്ലൂയിസ് ഗേററ്റ് മാത്രമേ തുറന്നിട്ടുള്ളൂ.

മഴ കുറഞ്ഞതിനാൽ തൂണക്കടവ് ഡാം നിലവിൽ അടച്ചിരിക്കുകയാണ്. മണലി, കുറുമാലി പുഴകളിലെ ജലനിരപ്പ് മുന്നറിയിപ്പ് പരിധിയേക്കാൾ കൂടുതലാണ്. കരുവന്നൂർ പുഴയുടെ മുന്നറിയിപ്പ് നിലയും മറികടന്നു. അതിനാൽ മണലി, കുറുമാലി, കരുവന്നൂർ, ചാലക്കുടി പുഴകളുടെ തീരത്തുള്ളവർ ജാഗ്രത പാലിക്കണമെന്ന് മുന്നറിയിപ്പുണ്ട്.

ഉരുൾപൊട്ടൽ, മണ്ണിടിച്ചിൽ, മലവെള്ളപ്പാച്ചിൽ സാധ്യതയുള്ള പ്രദേശങ്ങളിൽ താമസിക്കുന്നവർ നിർബന്ധമായും സുരക്ഷിതമായ സ്ഥലങ്ങളിലേക്ക് മാറിതാമസിക്കണമെന്ന് കളക്ടർ അറിയിച്ചു. ശക്തമായ മഴ പെയ്യുന്ന സാഹചര്യത്തിൽ ഒരു കാരണവശാലും നദികൾ മുറിച്ചു കടക്കാനോ നദികളിലോ മറ്റ് ജലാശയങ്ങളിലോ കുളിക്കാനോ മീൻപിടിക്കാനോ മറ്റ് ആവശ്യങ്ങൾക്കോ ഇറങ്ങാൻ പാടില്ല. ജലാശയങ്ങൾക്ക് മുകളിലെ മേൽപ്പാലങ്ങളിൽ കയറി കാഴ്ച കാണുകയോ സെൽഫി എടുക്കുകയോ കൂട്ടം കൂടി നിൽക്കുകയോ ചെയ്യാൻ പാടില്ലെന്ന് കളക്ടർ അറിയിച്ചു.

ചിമ്മിനി ഡാമിൽ കനത്ത മഴ തുടരുന്നതിനാൽ ജലനിരപ്പ് ഉയർന്നു കൊണ്ടിരിക്കുകയാണ്. കൂടുതൽ വെള്ളം തുറന്നുവിട്ടുകൊണ്ടുള്ള അപകട സാധ്യത ഒഴിവാക്കുന്നതിന് ഡാമിൽ നിന്നും കെഎസ്ഇബി വൈദ്യുതി ഉല്പാദനത്തിനായി 6.36 m3/s എന്ന തോതിൽ ജലം ഇന്ന് ഉച്ചയ്ക്ക് 12 മുതൽ കുറുമാലി പുഴയിലേക്ക് ഒഴുക്കുമെന്ന് കളക്ടർ അറിയിച്ചു. കുറുമാലി പുഴയിലെ ജലനിരപ്പ് 10 മുതൽ 12 സെന്റീമീറ്റർ വരെ ഉയരാൻ സാധ്യത ഉള്ളതിനാൽ കുറുമാലി, കരുവന്നൂർ പുഴയുടെ തീരത്ത് താമസിക്കുന്നവർ ജാഗ്രത പാലിക്കണമെന്ന് കളക്ടർ അറിയിച്ചു


Discover more from Radio Keralam 1476 AM News

Subscribe to get the latest posts sent to your email.

Leave a Reply