തിരുവനന്തപുരം വർക്കലയിൽ മദ്യലഹരിയിൽ യുവതിയെ ട്രെയിനിൽ നിന്ന് തള്ളിയിട്ട സംഭവത്തിൽ ഗുരുതരമായി പരിക്കേറ്റ 19കാരിയെ വിദഗ്ധ ചികിത്സയ്ക്കായി കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. കുടുംബത്തിന്റെ ആവശ്യപ്രകാരമാണ് തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിൽ കഴിഞ്ഞിരുന്ന നന്ദിയോട് സ്വദേശിനിയായ ശ്രീക്കുട്ടിയെ കൊച്ചിയിലേക്ക് മാറ്റിയത്.ഒന്നരമാസമായി തീവ്രപരിചരണ വിഭാഗത്തിൽ കഴിയുന്ന ശ്രീക്കുട്ടിക്ക് ഇതുവരെ പൂർണമായ ബോധം വീണ്ടെടുക്കാൻ കഴിഞ്ഞിട്ടില്ല.
നവംബർ രണ്ടിനാണ് കേരള എക്സ്പ്രസ് ട്രെയിനിൽ യാത്ര ചെയ്യുന്നതിനിടെ പ്രതി സുരേഷ് കുമാർ ശ്രീക്കുട്ടിയെ പുറത്തേക്ക് തള്ളിയിട്ടത്. പുകവലിക്കുന്നത് ചോദ്യം ചെയ്തതിന്റെ പേരിലാണ് ജനറൽ കംപാർട്ട്‌മെന്റിന്റെ വാതിലിൽ ഇരുന്ന ശ്രീക്കുട്ടിയെ പ്രതി ട്രെയിനിൽ നിന്ന് ചവിട്ടി വീഴ്ത്തുകയായിരുന്നു. ഒപ്പമുണ്ടായിരുന്ന അർച്ചനയേയും ഇയാൾ തള്ളിയിടാൻ ശ്രമിച്ചിരുന്നു. അർച്ചനയുടെ ബഹളം കേട്ട് ബിഹാർ സ്വദേശിയായ ശങ്കർ പാസ്വാൻ ആണ് പ്രതിയെ കീഴ്പ്പെടുത്തി അർച്ചനയെ രക്ഷിച്ചത്.
Discover more from Radio Keralam 1476 AM News
Subscribe to get the latest posts sent to your email.

