വ്യാജ ബിരുദ സർട്ടിഫിക്കറ്റ് കേസ്; പ്രതി നിഖിൽ തോമസിന് ജാമ്യം 

വ്യാജ ബിരുദ സർട്ടിഫിക്കറ്റ് കേസിൽ പ്രതി നിഖിൽ തോമസിന് ജാമ്യം അനുവദിച്ചു. ഹൈക്കോടതിയാണ് കർശന വ്യവസ്ഥകളോടെ ജാമ്യം അനുവദിച്ചത്. ജൂൺ 23നാണ് നിഖിൽ പിടിയിലാകുന്നത്. ജസ്റ്റിസ് സിയാദ് റഹ്‌മാന്റെ ബെഞ്ചാണ് ജാമ്യം അനുവദിച്ചത്. നേരത്തെ, വ്യാജ സർട്ടിഫിക്കറ്റ് കേസിൽ ഒളിവിൽ പോയ മുൻ എസ്എഫ്‌ഐ നേതാവായിരുന്ന നിഖിൽ തോമസിനെ സിപിഎമ്മിൽ നിന്ന് പുറത്താക്കിയിരുന്നു.

കായംകുളം മാർക്കറ്റ് ബ്രാഞ്ചിൽ അംഗമായിരുന്ന നിഖിലിനെ ജില്ലാ കമ്മിറ്റിയാണ് പുറത്താക്കിയത്. നിഖിൽ തോമസ് കായംകുളം എംഎസ്എം കോളജിൽ എംകോമിനു ചേർന്നത് ബികോം ജയിക്കാതെയെന്ന് സ്ഥിരീകരിച്ചതിന് പിന്നാലെയാണ് നടപടികൾ വന്നത്. ഇയാൾ ഹാജരാക്കിയ ഛത്തീസ്ഗഡ് കലിംഗ സർവകലാശാലാ രേഖകൾ വ്യാജമാണെന്നു കേരള സർവകലാശാല വൈസ് ചാൻസലറും കലിംഗ സർവകലാശാല റജിസ്ട്രാറും എംഎസ്എം കോളജ് പ്രിൻസിപ്പലും സ്ഥിരീകരിച്ചിരുന്നു.

അതേസമയം, നിഖിൽ തോമസിന് വ്യാജ സർട്ടിഫിക്കറ്റ് നിർമ്മിച്ച കൊച്ചിയിലെ ഓറിയോൺ ഏജൻസി ഉടമയും പിടിയിലായിരുന്നു. പാലാരിവട്ടത്തെ ‘ഓറിയോൺ എഡ്യു വിങ്ങ് ‘ സ്ഥാപനത്തിന്റെ ഉടമ സജു എസ് ശശിധരൻ ആണ് അറസ്റ്റിലായത്. ബി.കോം ഡിഗ്രി ഉൾപ്പെടെ അഞ്ച് രേഖകൾ ഇയാൾ വ്യാജമായി ഉണ്ടാക്കിയെന്ന് പൊലീസ് അറിയിച്ചു. മാർക്ക് ലിസ്റ്റ്, ടി സി, മൈഗ്രേഷൻ, പ്രൊവിഷണൽ സർട്ടിഫിക്കറ്റ് എന്നിവയാണ് ഇയാൾ വ്യാജമായി നിർമ്മിച്ചത്.


Discover more from Radio Keralam 1476 AM News

Subscribe to get the latest posts sent to your email.

Leave a Reply