ലോക്സഭാ തെരഞ്ഞെടുപ്പിൽ കേരളത്തിൽ ചരിത്ര മാറ്റം ഉണ്ടാകുമെന്ന് കേന്ദ്രമന്ത്രിയും തിരുവനന്തപുരം മണ്ഡലത്തിലെ ബിജെപി സ്ഥാനാർത്ഥിയുമായ രാജീവ് ചന്ദ്രശേഖർ. രാജ്യം മുന്നേറുമ്പോൾ കേരളം പിന്നോട്ട് പോവുകയാണെന്ന് കുറ്റപ്പെടുത്തിയ അദ്ദേഹം തന്നെ വ്യക്തിപരമായി ആക്രമിച്ച് അപമാനിക്കാൻ ശ്രമിക്കുന്നവരെ വെറുതെ വിടില്ലെന്നും പറഞ്ഞു.
എട്ട് കൊല്ലം സംസ്ഥാനം ഭരിച്ച എൽഡിഎഫ് സർക്കാർ എന്തു ചെയ്തുവെന്ന് അദ്ദേഹം ചോദിച്ചു. കടം വാങ്ങിയാണ് കേരളത്തിൽ പെൻഷൻ കൊടുക്കുന്നത്. കഴിഞ്ഞ 18 വർഷത്തെ രാഷ്ട്രീയ ജീവിതത്തിൽ ഒരു കറുത്ത പാട് എനിക്കില്ല. പൊതുജീവിതത്തിൽ അഭിമാനമുള്ളയാളാണ് താൻ. വ്യക്തിപരമായി ആക്രമിച്ച് അപമാനിക്കാൻ ശ്രമിക്കുന്നവരെ വെറുതെ വിടില്ല. കോൺഗ്രസിന്റെ പണിയല്ലേ ഈ വ്യക്തി അധിക്ഷേപം. നെഗറ്റീവ് രാഷ്ട്രീയക്കളി കോൺഗ്രസിന്റെ പണിയാണ്. എന്നാൽ അവസാനത്തിൽ സത്യം ജയിക്കുമെന്നും അദ്ദേഹം പറഞ്ഞു.
ചായയും സമൂസയും കഴിച്ച് ദില്ലിയിലിരിക്കുന്ന ഇന്ത്യ സഖ്യത്തിലെ രണ്ട് പാർട്ടികളല്ലേ കോൺഗ്രസും സിപിഎമ്മും എന്ന് അദ്ദേഹം ചോദിച്ചു. കഴിഞ്ഞ 10 കൊല്ലത്തിൽ ഇവരെവിടെയും ഒരു വികസനവും ചെയ്തിട്ടില്ല. ജനങ്ങളെ ഭയപ്പെടുത്തുക, അക്രമം നടത്തുക, നുണ പറയുക എന്നതാണ് ഇവരുടെ രാഷ്ട്രീയം. ബിജെപിയുടെ രാഷ്ട്രീയം പുരോഗതി, വികസനം, തൊഴിൽ, നിക്ഷേപം എന്നിവയാണ്. പറഞ്ഞത് ചെയ്യുന്ന സർക്കാരാണ് മോദി സർക്കാരെന്നും അദ്ദേഹം പറഞ്ഞു.
Discover more from Radio Keralam 1476 AM News
Subscribe to get the latest posts sent to your email.

