സംസ്ഥാനത്ത് മലപ്പുറം, കോഴിക്കോട്, തൃശൂർ ജില്ലകളിൽ വെസ്റ്റ് നൈൽ പനി റിപ്പോർട്ട് ചെയ്ത സാഹചര്യത്തിൽ ജില്ലകൾക്ക് ജാഗ്രതാ നിർദേശം നൽകിയതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്.
വെസ്റ്റ് നൈൽ പനിയെ പ്രതിരോധിക്കാൻ കൊതുക് നിവാരണവും ഉറവിട നശീകരണവും പ്രധാനമാണ്. കഴിഞ്ഞയാഴ്ച നടന്ന ആരോഗ്യ വകുപ്പിന്റെ ഉന്നതതല യോഗത്തിൽ മഴക്കാലപൂർവ ശുചീകരണ പ്രവർത്തനങ്ങൾ ശക്തമാക്കാൻ നിർദേശം നൽകിയിരുന്നു. പ്രവർത്തനങ്ങൾ കൂടുതൽ ശക്തമാക്കാൻ ജില്ലാ മെഡിക്കൽ ഓഫീസർമാർക്ക് നിർദേശം നൽകി. ജില്ലാ ഭരണകൂടങ്ങളുമായും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുമായും ഏകോപിച്ചുള്ള പ്രവർത്തനങ്ങൾ നടത്താനും നിർദേശം നൽകി. ജില്ലാ വെക്ടർ കൺട്രോൾ യൂണിറ്റ് വിവിധ ഭാഗങ്ങളിൽ നിന്നും സാമ്പിളുകൾ ശേഖരിച്ച് പരിശോധനയ്ക്കയയ്ച്ചു. അവബോധ പ്രവർത്തനങ്ങൾ ശക്തമാക്കാനും നിർദേശം നൽകി. 2011 മുതൽ സംസ്ഥാനത്ത് വിവിധ ജില്ലകളിൽ വെസ്റ്റ് നൈൽ റിപ്പോർട്ട് ചെയ്യപ്പെടുന്നുണ്ട്. ആശങ്കപ്പെടേണ്ട കാര്യമില്ല. പനിയോ മറ്റ് രോഗ ലക്ഷണങ്ങളോ ഉണ്ടെങ്കിൽ ഉടൻ തന്നെ ചികിത്സ തേടേണ്ടതാണെന്നും മന്ത്രി അഭ്യർത്ഥിച്ചു.
ജപ്പാൻ ജ്വരത്തിന് സമാനമായ രോഗ ലക്ഷണങ്ങളോടെയാണ് വെസ്റ്റ് നൈൽ പനിയും കാണാറുള്ളത്. എന്നാൽ ജപ്പാൻ ജ്വരത്തെ പോലെ രോഗം ഗുരുതരമാകാറില്ല. എങ്കിലും ജാഗ്രത പാലിക്കണം. കൊതുകിന്റെ ഉറവിട നശീകരണത്തിന് പ്രാധാന്യം നൽകണം. വ്യക്തികൾ വീടും പരിസരവും വൃത്തിയായി സൂക്ഷിക്കണം.
Discover more from Radio Keralam 1476 AM News
Subscribe to get the latest posts sent to your email.

