വെബ്സൈറ്റ് നോക്കിയാൽ മതി മഴയറിയാം; മഴമാപിനി വെബ്‌സൈറ്റ് ഒരുക്കി വയനാട്

രാജ്യത്തെ ആദ്യ മഴമാപിനി വെബ്‌സൈറ്റ് ഒരുക്കി വയനാട്. ജില്ലാ ദുരന്തനിവാരണ അതോറിറ്റിയുടെ ‘ഡി.എം. സ്യൂട്ട്’ എന്ന വെബ്സൈറ്റോ മൊബൈൽ ആപ്പോ തുറന്നാൽ മതി ജില്ലയിലെ മഴ അറിയാം. ഓരോ പഞ്ചായത്തിലും പെയ്ത മഴയുടെ വിശദാംശങ്ങൾ മാപ്പും മറ്റു സചിത്രവിവരങ്ങളും സഹിതമുണ്ടാകും.

കളക്ടറേറ്റിലുൾപ്പെടെ വിവിധസ്ഥലങ്ങളിൽ സ്ഥാപിച്ച ഇരുനൂറിലധികം മഴമാപിനികളിലൂടെ ദൈനംദിനം ശേഖരിക്കുന്ന വിവരങ്ങൾ ക്രോഡീകരിച്ച്, അപഗ്രഥിച്ച് വിദഗ്ധരുടെ സഹായത്തോടെയാണ് വെബ്സൈറ്റിലും മൊബൈൽ ആപ്ലിക്കേഷനിലും വിവരങ്ങൾ നൽകുന്നത്.

ജില്ലയുടെ വ്യത്യസ്ത ഭൂഘടനയനുസരിച്ച് മഴയുടെ വ്യതിയാനം നിരീക്ഷിക്കാനും സൂക്ഷ്മ കാലാവസ്ഥാസ്വഭാവം തിരിച്ചറിയാനും മഴമാപിനി നിരീക്ഷണത്തിലൂടെ സാധിക്കും. സംവിധാനത്തിലൂടെ ഓരോ പ്രദേശങ്ങളിലും രേഖപ്പെടുത്തുന്ന മഴ അളന്ന് മുന്നറിയിപ്പുകൾ നൽകാനാകും. മഴമാപിനികൾ രേഖപ്പെടുത്തുന്ന വിവരങ്ങൾ ആപ്പ് മുഖേന ലഭ്യമാകുന്നതിനാൽ വേഗത്തിൽ മഴമാപ്പ് ക്രമീകരിക്കാനാകും.

ഓരോ ഭൂപ്രദേശങ്ങളിലും ലഭിച്ച മഴയുടെ അളവ് കണക്കാക്കി പ്രദേശത്ത് ചുവപ്പ്, ഓറഞ്ച്, മഞ്ഞ ജാഗ്രതകൾ പ്രഖ്യാപിക്കാനും മുന്നൊരുക്കങ്ങൾ നടത്താനുമാകും. വിവരങ്ങൾ വെബ്‌സൈറ്റിലൂടെ അറിയാനും സാധിക്കും. 600 മില്ലിമീറ്ററിൽ കൂടുതൽ മഴ തുടർച്ചയായി ലഭിക്കുന്ന പ്രദേശം മണ്ണിടിച്ചിലിനും വെള്ളപ്പൊക്കത്തിനും സാധ്യതയുള്ള ദുർബലപ്രദേശമായി കണക്കാക്കും. മണ്ണിടിച്ചിൽ, ഉരുൾപൊട്ടൽ, മലവെള്ളപ്പാച്ചിൽ തുടങ്ങിയ ദുരന്തങ്ങൾ കണ്ടെത്തി പ്രതിരോധിക്കാൻ മഴമാപിനി ഉപകരിക്കും.


Discover more from Radio Keralam 1476 AM News

Subscribe to get the latest posts sent to your email.

Leave a Reply