വീണാ വിജയന്റെ കമ്പനി എക്സാലോജിക്കിനെതിരായ അന്വേഷണത്തിൽ നിന്നും ശ്രദ്ധ തിരിക്കാനുളള ശ്രമമാണ് യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ് രാഹുൽ മാങ്കൂട്ടത്തലിന്റെ അറസ്റ്റെന്ന് ഷോൺ ജോർജ്. എക്സാലോജിക്കിനെതിരായ അന്വേഷണം എത്തിക്കേണ്ടിടത്ത് എത്തിക്കുമെന്ന് അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.
ഒരു രാഷ്ട്രീയ മുന്നണിയുടെയും പിന്തുണയോ സഹായമോ താൻ തേടിയിട്ടില്ലെന്ന് ഷോൺ ജോർജ് കൂട്ടിച്ചേർത്തു.’എക്സാലോജിക്കിനെതിരായ അന്വേഷണത്തിൽ നിന്ന് ശ്രദ്ധ തിരിക്കാൻ ഇന്ന് ഉച്ച കഴിഞ്ഞ് എന്തും സംഭവിക്കാം. തന്നെ ആരെങ്കിലും അപായപ്പെടുത്തിയാലും ഈ കേസ് മുന്നോട്ടു കൊണ്ടുപോകാൻ അഞ്ച് പേരെ ചുമതലപ്പെടുത്തിയിട്ടുണ്ട്. കോർപറേറ്റ് അഫയേഴ്‌സ് മന്ത്രാലയത്തിന് മുൻപിൽ ഈ വിഷയത്തിലെ ഏക പരാതി തന്റേത് മാത്രമാണ്. കോടികൾ കട്ടവൻ ഒരു മാങ്ങ കക്കുമ്പോഴാകും പിടിക്കപ്പെടുക. അത്തരമൊരു മാങ്ങയാണ് എക്സാലോജിക്ക്’ അദ്ദേഹം പറഞ്ഞു.
ഈ കേസിനെ കുറിച്ച് ഫോണിൽ പോലും ബിനീഷ് കോടിയേരിയുമായി ചർച്ച നടത്തിയിട്ടില്ലെന്നും അത്തരം ആരോപണങ്ങൾ തെറ്റാണെന്നും ഷോൺ ജോർജ്ജ് മാധ്യമങ്ങളോട് പ്രതികരിച്ചു. ബിനീഷ് കോടിയേരി തന്റെ അടുത്ത സുഹൃത്താണ്. പക്ഷേ ഫോണിൽ പോലും ബിനീഷുമായി ചർച്ച നടത്തിയിട്ടില്ല. ഈ കേസിനെ ഞങ്ങളുടെ സൗഹൃദവുമായി കൂട്ടി കുഴയ്ക്കണ്ട. എനിക്ക് എന്റെ രാഷ്ട്രീയം. അവർക്ക് അവരുടെ രാഷ്ട്രീയമെന്നും ഷോൺ പറഞ്ഞു.
Discover more from Radio Keralam 1476 AM News
Subscribe to get the latest posts sent to your email.

