‘വീട്ടുവോട്ട്’: കണ്ണൂരിൽ സിപിഎം ഏജന്റ് അടക്കം 6 പേർക്കെതിരെ കേസ്; പോളിങ് ഉദ്യോഗസ്ഥർക്ക് സസ്പെൻഷൻ

കല്യാശ്ശേരിയിൽ ‘വീട്ടുവോട്ടി’ൽ അനധികൃതമായി ഇടപെട്ട സിപിഎം ബൂത്ത് ഏജന്റ് ഉൾപ്പെടെ 6 പേർക്കെതിരെ പൊലീസ് കേസ്. 92 വയസ്സുകാരി വോട്ട് ചെയ്യുമ്പോൾ പാർട്ടി ചിഹ്നം ചൂണ്ടിക്കാണിച്ച സിപിഎം ബൂത്ത് ഏജന്റിനും ഇതു തടയാതിരുന്ന 4 പോളിങ് ഉദ്യോഗസ്ഥർക്കും വിഡിയോഗ്രഫർക്കുമെതിരെയാണ് പരാതിയെത്തുടർന്ന് പൊലീസ് കേസെടുത്തത്.

പോളിങ് ഉദ്യോഗസ്ഥരെയും വിഡിയോഗ്രഫറെയും തിരഞ്ഞെടുപ്പു ഡ്യൂട്ടിയിൽനിന്നു കണ്ണൂർ കലക്ടർ അരുൺ കെ.വിജയൻ സസ്പെൻഡ് ചെയ്തു. ഉദ്യോഗസ്ഥർക്കെതിരെ വകുപ്പുതല നടപടിക്കും ശുപാർശ ചെയ്തു. പരാതിയുള്ള വോട്ട് അസാധുവാക്കുമെന്നും റീപോളിങ് പറ്റില്ലെന്നും കാസർകോട് കലക്ടർ കെ.ഇമ്പശേഖർ അറിയിച്ചു. 

കാസർകോട് ലോക്സഭാ മണ്ഡലത്തിൽ ഉൾപ്പെട്ട, കണ്ണൂർ ജില്ലയിലെ കല്യാശ്ശേരി പഞ്ചായത്തിൽ 164-ാം ബൂത്തിൽ വ്യാഴാഴ്ച വൈകിട്ടായിരുന്നു സംഭവം. എടക്കാടൻ ഹൗസിൽ ദേവിയുടെ (92) വീട്ടിലെത്തി ഉദ്യോഗസ്ഥർ വോട്ട് ചെയ്യിക്കുമ്പോൾ, സിപിഎം ബൂത്ത് ഏജന്റും കപ്പോത്തുകാവ് ബ്രാഞ്ച് മുൻ സെക്രട്ടറിയുമായ ഇ.കെ.ഗണേശൻ ബാലറ്റ് പേപ്പർ ദേവിയുടെ അടുത്തേക്കു നീക്കിവച്ചു കൊടുത്ത് ചിഹ്നം ചൂണ്ടിക്കാണിച്ചു കൊടുത്തു. 

‌എൻഡിഎ സ്ഥാനാർഥി എം.എൽ.അശ്വിനിയുടെ ചീഫ് ഇലക്‌ഷൻ ഏജന്റ് കെ.മനോജ്കുമാർ സിസിടിവി ദൃശ്യങ്ങൾ സഹിതം പരാതി നൽകിയതിനു പിന്നാലെ തുടർനടപടിയെടുക്കാൻ മുഖ്യ തിരഞ്ഞെടുപ്പ് ഓഫിസർ സഞ്ജയ് എം.കൗൾ ജില്ലാ തിരഞ്ഞെടുപ്പ് ഓഫിസർ കൂടിയായ കണ്ണൂർ കലക്ടർക്കു നിർദേശം നൽകി. രാത്രി 1.30നു തന്നെ ഉദ്യോഗസ്ഥരെ സസ്‌പെൻഡ് ചെയ്തു.

പോളിങ് ഉദ്യോഗസ്ഥരായ അരോളി ജിഎച്ച്എസ്എസ് അധ്യാപിക വി.വി.പൗർണമി, നെരുവമ്പ്രം ടെക്നിക്കൽ ഹൈസ്കൂളിലെ ടി.കെ.പ്രജിൻ, തലശ്ശേരിയിലെ എൽഐസി ഹയർഗ്രേഡ് അസിസ്റ്റന്റ് എ.ഷീല, വളപട്ടണം പൊലീസ് സ്റ്റേഷനിലെ സിവിൽ പൊലീസ് ഓഫിസർ പി.ലെജീഷ്, വിഡിയോഗ്രഫർ പി.പി. റെജു അമൽജിത്ത് എന്നിവർക്കെതിരെയാണു നടപടി.

സിറ്റി പൊലീസ് കമ്മിഷണർ വഴി കല്യാശ്ശേരി ഉപ വരണാധികാരി നൽകിയ പരാതിയിലാണ് കണ്ണപുരം പൊലീസ് കേസെടുത്തത്. വോട്ടിന്റെ രഹസ്യസ്വഭാവം സംബന്ധിച്ച് ജനപ്രാതിനിധ്യ നിയമത്തിലെ 128(1) വകുപ്പ്, തിരഞ്ഞെടുപ്പു പ്രക്രിയയിലെ ഇടപെടൽ സംബന്ധിച്ച് ഇന്ത്യൻ ശിക്ഷാ നിയമത്തിലെ 171സി, വോട്ടറെ സ്വാധീനിക്കുന്നതു സംബന്ധിച്ച് 171 എഫ് വകുപ്പുകൾ പ്രകാരമാണു കേസ്. ഒന്നാംപ്രതിയായ സിപിഎം ബൂത്ത് ഏജന്റ് ഇ.കെ.ഗണേശൻ വോട്ടറെ സ്വാധീനിച്ചെന്നും ഉദ്യോഗസ്ഥർ ഇതു തടയാതെ വോട്ടിങ് ജോലികളിൽ മനഃപൂർവം വീഴ്ച വരുത്തിയെന്നും എഫ്ഐആറിൽ പറയുന്നു. 


Discover more from Radio Keralam 1476 AM News

Subscribe to get the latest posts sent to your email.

Leave a Reply