വിഴിഞ്ഞം സമരം തകർക്കാൻ കള്ളക്കഥ പ്രചരിപ്പിക്കുന്നു; വിമർശിച്ച് തൃശ്ശൂർ അതിരൂപത മുഖപത്രം

വിഴിഞ്ഞം സമരം തകര്‍ക്കാന്‍ കള്ളക്കഥകള്‍ പ്രചരിപ്പിക്കുന്നുവെന്ന് കുറ്റപ്പെടുത്തലുമായി തൃശൂര്‍ അതിരൂപത മുഖപത്രം ‘കാത്തോലിക്ക സഭ’. വിഴിഞ്ഞം  സമരത്തിനെതിരെ കേന്ദ്ര – സംസ്ഥാന ഭരണക്ഷികള്‍ ഒരുമിക്കുന്നത് കാപട്യമാണെന്നും ലേഖനത്തിൽ വിമർശിക്കുന്നു. ‘വിഴിഞ്ഞം സമരം തകര്‍ക്കാന്‍ പ്രചരിപ്പിക്കുന്നത് കള്ളക്കഥകള്‍’ എന്ന തലക്കെട്ടിലാണ് ലേഖനം പ്രസിദ്ധീകരിച്ചിരിക്കുന്നത്.

വിഴിഞ്ഞത്തെ മത്സ്യത്തൊഴിലാളികളുടെ സമരം ലത്തീന്‍ അതിരൂപത ഏറ്റെടുത്തത് കിടപ്പാടം നഷ്ടപ്പെടുന്ന മത്സ്യതൊഴിലാളികള്‍ക്ക് വേണ്ടിയാണെന്ന് ലേഖനത്തിൽ പറയുന്നു.  എന്നാൽ സിപിഎമ്മും ബിജെപിയും കൈ കോര്‍ത്തത് കൗതുകകരമാണ്. ഇരുകൂട്ടരുടെയും മുതലാളിത്ത വിരുദ്ധ നിലപാട് കാപട്യമെന്ന് വീണ്ടും തെളിഞ്ഞു. സമരത്തിനെതിരായ പ്രചാരണത്തിന് പിന്നില്‍ ഗൂഢാലോചനയുണ്ട്‌. വിഴിഞ്ഞം സമരത്തെ എതിര്‍ക്കുന്നവര്‍ മത്സ്യതൊഴില്‍ മേഖലയുമായി ബന്ധമില്ലാത്തവരാണെന്നും ലേഖനത്തിൽ പറയുന്നു.

അതേസമയം വിഴിഞ്ഞം തുറമുഖ സമരവുമായി ബന്ധപ്പെട്ട സംഘര്‍ഷം ഇന്ന് നിയമസഭ നിർത്തിവച്ച് ചർച്ച ചെയ്യും. പ്രതിപക്ഷത്തിന്റെ അടിയന്തിര പ്രമേയ നോട്ടീസ് ഗൗരവമുള്ളതെന്ന് ചൂണ്ടിക്കാട്ടി അംഗീകരിക്കുന്നുവെന്നും സഭ നിർത്തിവെച്ച് ചർച്ച ചെയ്യണമെന്നും മുഖ്യമന്ത്രി ആവശ്യപ്പെടുകയായിരുന്നു.  ഉച്ചക്ക് ഒരു മണി മുതല്‍ രണ്ട് മണിക്കൂറാണ് ചര്‍ച്ച. 130 ദിവസത്തിലധികമായി മത്സ്യത്തൊഴിലാളികള്‍ നടത്തുന്ന സമരം ഒത്തുതീര്‍പ്പിലെത്തിക്കാന്‍ കഴിയാത്ത സാഹചര്യത്തിലാണിത്. എം വിന്‍സന്‍റ് എംഎല്‍എയാണ് നോട്ടീസ് നല്‍കിയത്.

വിഴിഞ്ഞത്ത് സമവായ നീക്കങ്ങൾ തുടരുകയാണ്. ഇന്നലെ മുഖ്യമന്ത്രിയും മന്ത്രിസഭാ ഉപസമിതിയും തമ്മിൽ ചർച്ച നടത്തിയെങ്കിലും സമരസമിതിയുമായി ചർച്ച നടത്താനായില്ല. കൃത്യമായ ഉറപ്പ് ലഭിച്ചാലേ ചർച്ചയ്ക്കുള്ളൂ എന്നാണ് ലത്തീൻ അതിരൂപതയുടെ നിലപാട്. ഇന്ന് വൈകീട്ടോടെ മന്ത്രിസഭാ ഉപസമിതിയും സമരസമിതിയും തമ്മിൽ ചർച്ച നടത്താനാണ് ശ്രമം. ഈ ചർച്ച വിജയിച്ചാൽ മുഖ്യമന്ത്രിയും സമരക്കാരെ കണ്ടേക്കും. കഴിഞ്ഞ ദിവസങ്ങളിലെ അനുരഞ്ജന നീക്കങ്ങൾ വിലയിരുത്താനായി ഇന്നും സമരസമിതി യോഗം ചേരും.


Discover more from Radio Keralam 1476 AM News

Subscribe to get the latest posts sent to your email.

Leave a Reply