വിലക്കു ലംഘിച്ച് ക്യാംപസിൽ ബ്രിട്ടാസിന്റെ പ്രസംഗം; തിരഞ്ഞെടുപ്പ് കമ്മിഷൻ റിപ്പോർട്ട് തേടി

തിരഞ്ഞെടുപ്പു പെരുമാറ്റച്ചട്ടം നിലനിൽക്കെ, കേരള സർവകലാശാലാ ക്യാംപസിൽ വൈസ് ചാൻസലറുടെയും റജിസ്ട്രാറുടെയും വിലക്ക് അവഗണിച്ചു ജോൺ ബ്രിട്ടാസ് എംപിയുടെ രാഷ്ട്രീയ പ്രസംഗം. പിന്നാലെ അന്വേഷിച്ചു റിപ്പോർട്ട് നൽകാൻ തിരഞ്ഞെടുപ്പു കമ്മിഷൻ സർവകലാശാലാ റജിസ്ട്രാറോട് ആവശ്യപ്പെട്ടു.

സർവകലാശാലാ ജീവനക്കാരുടെ ഇടതുസംഘടന സംഘടിപ്പിച്ച പരിപാടി പെരുമാറ്റച്ചട്ടം നിലവിലുള്ളതിനാൽ വിലക്കണമെന്ന് റജിസ്ട്രാർക്കു വിസി രേഖാമൂലം നിർദേശം നൽകിയിരുന്നു. സർവകലാശാലാ ജീവനക്കാർ തിരഞ്ഞെടുപ്പ് ജോലി ചെയ്യുന്നവരാണെന്നും ക്യാംപസിനുള്ളിൽ പുറത്തു നിന്നുള്ളവർ പ്രഭാഷണം നടത്തുന്നത് പെരുമാറ്റച്ചട്ടത്തിനു വിരുദ്ധമാണെന്നും വിസി ചൂണ്ടിക്കാട്ടി. തുടർന്ന് രാഷ്ട്രീയ പ്രസംഗങ്ങൾ അനുവദിക്കാനാവില്ലെന്ന് സംഘാടകരെ റജിസ്ട്രാർ അറിയിച്ചു. എന്നാൽ ഇതവഗണിച്ച് പരിപാടി സംഘടിപ്പിക്കുകയായിരുന്നു.

വിലക്ക് അവഗണിച്ച ബ്രിട്ടാസ് മുൻ നിശ്ചയിച്ച സമയത്തു തന്നെ എത്തി പ്രഭാഷണം നടത്തി .’ഇന്ത്യൻ ജനാധിപത്യം വെല്ലുവിളികളും കടമകളും’ എന്നതായിരുന്നു വിഷയം. രാഷ്ട്രീയവിഷയങ്ങൾ പരാമർശിച്ചായിരുന്നു പ്രഭാഷണം. സർവകലാശാലകൾ സംവാദ വേദികളായി മാറണമെന്നും അത് ജനാധിപത്യത്തെ ശക്തിപ്പെടുത്തുമെന്നും ബ്രിട്ടാസ് ചൂണ്ടിക്കാട്ടി. കേന്ദ്രനയങ്ങളെ അദ്ദേഹം രൂക്ഷമായി വിമർശിച്ചു. പ്രഭാഷണം വിലക്കിയ വിസി ദാസ്യപ്പണി ചെയ്യുകയാണെന്നും ധാർഷ്ട്യമാണു കാട്ടിയതെന്നും ബ്രിട്ടാസ് പിന്നീടു മാധ്യമങ്ങളോടു പറഞ്ഞു.

കമ്മിഷനു വേണ്ടി തിരുവനന്തപുരം സബ് കലക്ടറാണ് സർവകലാശാലാ റജിസ്ട്രാറോട് വിശദീകരണം തേടിയത്. റജിസ്ട്രാറുടെ വിലക്കു ലംഘിച്ച് പ്രസംഗം നടത്തിയ സാഹചര്യത്തിൽ പെരുമാറ്റച്ചട്ട ലംഘനം നടന്നിട്ടുണ്ടോ എന്നു പരിശോധിച്ച് റിപ്പോർട്ട് നൽകണമെന്ന് സബ് കലക്ടറുടെ കത്തിൽ പറയുന്നു. 


Discover more from Radio Keralam 1476 AM News

Subscribe to get the latest posts sent to your email.

Leave a Reply