സംസ്ഥാനത്ത് അഴിമതിക്കേസുകളുടെ അന്വേഷണത്തിന് സമയപരിധി നിശ്ചയിച്ച് സർക്കാർ ഉത്തരവിറക്കി. മൂന്നു മാസം മുതൽ 12 മാസം വരെയാണ് സമയപരിധി. അന്വേഷണങ്ങള്‍ നീണ്ടുപോകാതിരിക്കാൻ ഡയറക്ടർ നൽകിയ ശുപാർശ അംഗീകരിച്ചാണ് ഉത്തരവ്. വിജിലൻസ് നടത്തുന്ന പ്രാഥമിക അന്വേഷണം മുതൽ കേസെടുത്തുള്ള അന്വേഷണം വരെ അനിശ്ചിതമായി നീളുന്ന സാഹചര്യത്തിലാണ് സമയപരിധി നിശ്ചയിച്ചത്.
ഒരു വ്യക്തിയെ കുറിച്ചോ സ്ഥാപനത്തെ കുറിച്ചോ, അഴിമതിയെ കുറിച്ചോ രഹസ്യ അന്വേഷണം ആരംഭിച്ചാൽ ഒരു മാസത്തിനകം റിപ്പോർട്ട് നൽകണം. ഡയറക്ടർ അനുമതി നൽകുന്ന പ്രാഥമിക അന്വേഷണം മൂന്നു മാസത്തിനകം പൂർത്തിയാക്കണം, കൈക്കൂലി വാങ്ങുമ്പോള്‍ കൈയോടെ പിടികൂടിയാൽ 6 മാസത്തിനകം കുറ്റപത്രം നൽകണം.
കൈക്കൂലി കൈയോടെ പിടികൂടിയാൽ ഉദ്യോഗസ്ഥനെ മാതൃവകുപ്പ് പിരിച്ചുവിടണമെന്ന് ചീഫ് സെക്രട്ടറി ഉത്തരവിറക്കിയിരുന്നു. ട്രാപ്പ് കേസിൽ പിടികൂടിയാലും സസ്പെൻഡ് ചെയ്യപ്പെടുന്ന ഉദ്യോഗസ്ഥൻ തിരികെ കയറുകയും സ്ഥാനകയറ്റം ലഭിച്ച പെൻഷനായാലും കുറ്റപത്രം സമർപ്പിച്ച് വിചാരണ പൂർത്തിയാകാത്ത സാഹചര്യമുണ്ട്. കേസ് രജിസ്റ്റർ ചെയ്തുള്ള അന്വേഷണവും കോടതി നിർദ്ദേശ പ്രകാരമുള്ള അന്വേഷണവുമെല്ലാം 12 മാസത്തിനകം പൂർത്തിയാക്കണമെന്നാണ് നിർദ്ദേശം. അതേ സമയം കോടതി നിർദ്ദേശമുണ്ടായാൽ സമയപരിധിയിൽ മാറ്റമുണ്ടാകുമെന്നും സർക്കാർ ഉത്തരവിൽ പറയുന്നു.
ഏതെങ്കിലും സാഹചര്യത്തിൽ ഇപ്പോള്‍ നിശ്ചയിച്ചിട്ടുള്ള സമയം നീട്ടി വാങ്ങണമെങ്കിൽ അന്വേഷണ ഉദ്യോഗസ്ഥൻ ഡയറക്ടറുടെ പ്രത്യേക അനുമതിയും ആവശ്യമാണ്. ബുധനാഴ്ചയാണ് ഉത്തരവിറങ്ങിയത്, ഇതിന് ശേഷമുള്ള കേസുകളിലായിരിക്കും സമയപരിധി ബാധകം.
Discover more from Radio Keralam 1476 AM News
Subscribe to get the latest posts sent to your email.

