വാളയാർ കേസിൽ രാജേഷ് എം. മേനോനെ സി.ബി.ഐയുടെ സ്‌പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടറായി നിയമിക്കും

വാളയാർ കേസിൽ അഭിഭാഷകൻ രാജേഷ് എം. മേനോനെ സി.ബി.ഐയുടെ സ്‌പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടറായി നിയമിക്കും. പെൺകുട്ടികളുടെ അമ്മയുടെ അപേക്ഷ പരിഗണിച്ചാണ് നിയമനം. അട്ടപ്പാടിയിൽ മധു കൊല്ലപ്പെട്ട കേസിലെ പബ്ലിക് പ്രോസിക്യൂട്ടറായിരുന്നു രാജേഷ് എം. മേനോൻ. 2017 ജനുവരി ഏഴിനാണ് അട്ടപ്പള്ളത്തെ വീട്ടിൽ 13 വയസുകാരിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. 2017 മാർച്ച് നാലിന് ഇതേ വീട്ടിൽ അനുജത്തി ഒമ്പത് വയസ്സുകാരിയെയും തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു.

2017 മാർച്ച് 6 ന് പാലക്കാട് എഎസ്പി ജി പൂങ്കുഴലിയുടെ നേതൃത്വത്തിൽ പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ച് അന്വേഷണം ആരംഭിച്ചു. 2017 മാർച്ച് 12 ന് മരിച്ച കുട്ടികൾ പ്രകൃതിവിരുദ്ധ പീഡനത്തിനിരയായെന്ന് പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് പുറത്ത് വന്നെങ്കിലും 2019 ജൂൺ 22 ന് സഹോദരിമാരുടെ മരണം ആത്മഹത്യയെന്ന് രേഖപ്പെടുത്തി പൊലീസ് കുറ്റപത്രം സമർപ്പിക്കുകയായിരുന്നു.2019 ഒക്ടോബർ ഒമ്പതിനാണ് കേസിലെ ആദ്യ വിധി വന്നത്. മൂന്നാം പ്രതിയായി ചേർത്തല സ്വദേശി പ്രദീപ് കുമാറിനെ തെളിവുകളുടെ അഭാവത്താൽ വെറുതെവിട്ടു. 2019 ഒക്ടോബർ 25ന് പ്രതികളായ വി മധു, എം മധു, ഷിബു എന്നിവരെയും കോടതി വെറുതെ വിട്ടു.

വാളയാർ കേസിൽ കേരള പൊലീസിനെപോലെ സി.ബി.ഐയും കുട്ടികളുടേത് ആത്മഹത്യയാണെന്ന് പറഞ്ഞതോടെയാണ് തുടരന്വേഷണത്തിലേക്ക് വഴിമാറിയത്. സി.ബി.ഐ നൽകിയ തെളിവുകൾ കുറ്റം തെളിയിക്കാൻ പര്യാപ്തമല്ലെന്നായിരുന്നു കോടതിയുടെ വിലയിരുത്തൽ. എന്നാൽ, കേസ് അന്വേഷിച്ച ഏജൻസികൾ പ്രധാനപ്പെട്ട ശാസ്ത്രീയ തെളിവുകൾ അവഗണിച്ചു. അതിൽ ഒന്നാമത്തേതാണ് സെല്ലോഫൈൻ ടേപ്പ് റിപ്പോർട്ട്. ഹൈകോടതി അഭിഭാഷകൻ കേരളത്തിന് പുറത്തുള്ള സി.ബി.ഐ യൂണിറ്റിനെ കൊണ്ട് കേസ് അന്വേഷിപ്പിക്കണമെന്നായിരുന്നു കുട്ടികളുടെ മാതാവിന്റെ ആവശ്യം. പുനരന്വേഷണ റിപ്പോർട്ട് നൽകുമ്പോൾ എങ്കിലും ശാസ്ത്രീയ പരിശോധനഫലങ്ങൾ കൂടി പരിഗണിക്കണമെന്ന് സമരസമിതിയും പറയുന്നു.


Discover more from Radio Keralam 1476 AM News

Subscribe to get the latest posts sent to your email.

Leave a Reply