വയനാട് സുഗന്ധഗിരി മരംമുറി കേസ് ; പ്രതികളുടെ മുൻകൂർ ജാമ്യാപേക്ഷ തള്ളി കോടതി

വയനാട് സു​ഗന്ധ​ഗിരി മരംമുറി കേസിലെ പ്രതികളുടെ മുൻകൂർ ജാമ്യം നിഷേധിച്ച് കോടതി. 6 പ്രതികളുടെ ജാമ്യാപേക്ഷയാണ് ജില്ലാ പ്രിൻസിപ്പൽ സെഷൻസ് കോടതി തളളിയത്. തെളിവ് നശിപ്പിക്കാൻ സാധ്യതയുണ്ടെന്ന പ്രൊസിക്യൂഷൻ വാദം കോടതി ശരി വെച്ചു. അതേ സമയം, സുഗന്ധഗിരി മരംമുറി കേസ് അന്വേഷണത്തിന് പ്രത്യേക സംഘത്തെ വനം വകുപ്പ് നിയോഗിച്ചിട്ടുണ്ട്. മൂന്ന് ഫ്ലയിങ് സ്ക്വാഡ് ഡിഎഫ്ഒമാരെ പ്രത്യേക അന്വേഷണ സംഘത്തിൽ ഉൾപ്പെടുത്തി.

വീടിന് മുകളിലേക്ക് ചരിഞ്ഞു നിൽക്കുന്ന 20 മരംമുറിക്കാൻ കിട്ടിയ അനുമതിയുടെ മറവിൽ കൂടുതൽ മരം മുറിച്ചു കടത്തിയെന്നാണ് കേസ്. മരത്തിന്റെ കൂടുതൽ ഭാഗം ഇനിയും കണ്ടെത്താനുണ്ട്. വാര്യാട് സ്വദേശി ഇബ്രാഹിം, മീനങ്ങാടി സ്വദേശി അബ്ദുൽ മജീദ്, മാണ്ടാട് സ്വദേശി ചന്ദ്രദാസ്, മണൽവയൽ സ്വദേശി അബ്ദുന്നാസർ, കൈതപ്പൊയിൽ സ്വദേശി അസ്സൻകുട്ടി, എരഞ്ഞിക്കൽ സ്വദേശി ഹനീഫ എന്നിവരാണ് ജാമ്യം തേടി കോടതിയെ സമീപിച്ചത്. എന്നാൽ കോടതി ജാമ്യാപേക്ഷ തളളുകയാണുണ്ടായത്.

കേസിൽ ജീവനക്കാരുടെ സംഘടനകൾ തമ്മിലുളള ശീതസമരം രൂക്ഷമായ സാഹചര്യത്തിലാണ് ഉന്നത തല സംഘത്തെ അന്വേഷണത്തിന് നിയോഗിച്ചത്. കോഴിക്കോട് വനം വിജിലൻസിന്റെ ചുമതലയുള്ള കോട്ടയം ഇൻവെസ്റ്റിഗേഷൻ ആൻഡ് ഇവാല്വേഷൻ സിഎഫ് നീതുലക്ഷ്മിയാണ് അന്വേഷണ സംഘത്തെ നയിക്കുക. മുറിച്ചത് പാഴ്‌മരങ്ങളാണെങ്കിലും വലിയ പൊല്ലാപ്പിലാണ് വനംവകുപ്പ്. അനധികൃതമായി മുറിച്ചത് 80 ലധികം മരങ്ങളാണ്. ഇതിന് ഒത്താശ ചെയ്തവരിൽ വനംവകുപ്പിലെ മൂന്ന് ഉദ്യോഗസ്ഥരും ഉണ്ടെന്ന് കണ്ടെത്തിയതാണ് വനം വകുപ്പിന് നാണക്കേടായത്. കൽപ്പറ്റ ഫോറസ്റ്റ് സെക്ഷൻ ഓഫീസറർക്കും രണ്ടു വാച്ചർമാരെയും സര്‍വീസിൽ നിന്ന് സസ്പെന്റ് ചെയ്തത് ഇതിന് പിന്നാലെയാണ്.


Discover more from Radio Keralam 1476 AM News

Subscribe to get the latest posts sent to your email.

Leave a Reply