വയനാട് പൂക്കോട് വെറ്ററിനറി സർവകലശാല അടച്ചു. സംഘർഷ സാധ്യത കണക്കിലെടുത്താണ് അടുത്ത തിങ്കളാഴ്ച വരെ സർവകലാശാല അടച്ചത്. പതിനൊന്നാം തിയതി മുതലാണ് ഇനി സാധാരണ ക്ലാസുകള്‍ ഉണ്ടാവുക. അതേസമയം ഈ അഞ്ച് ദിവസവും ഓണ്‍ലൈന്‍ ക്ലാസുകള്‍ നടക്കും.
സിദ്ധാർത്ഥന്റെ ദൂരൂഹ മരണത്തിൽ പ്രതിഷേധിച്ച് പ്രതിപക്ഷ വിദ്യാർത്ഥി സംഘടനകൾ നടത്തിയ മാർച്ചിൽ സംഘർഷം അരങ്ങേറിയിരുന്നു. സർവകലശാല ക്യാമ്പസിൽ മണിക്കൂറുകളോളം സംഘർഷം നീണ്ടുനിന്നു. കെ.എസ്.യു പ്രവർത്തകർ കോഴിക്കോട്- മൈസൂർ ദേശീയപാത ഉപരോധിക്കുകയും ചെയ്തു.
രാവിലെ പതിനൊന്നരയോടെ എം.എസ്.എഫ് പ്രവർത്തകരാണ് പ്രതിഷേധവുമായി ആദ്യം എത്തിയത്. ബാരികേഡ് മറിച്ചിടാൻ ശ്രമിച്ച പ്രവർത്തകർക്കു നേരെ പൊലീസ് ജലപീരങ്കി പ്രയോഗിച്ചു. ഇതിനിടെ ഫ്രറ്റേണിറ്റി പ്രവർത്തകരും പ്രതിഷേധവുമായി എത്തി.
കെ.എസ്.യു പ്രവർത്തകരും പൊലീസും തമ്മില്‍ ഉന്തും തള്ളും ഉണ്ടായി. കുത്തിയിരുന്ന് പ്രതിഷേധിച്ചിരുന്ന എം.എസ്.എഫ് പ്രവർത്തകരും കെ.എസ്.യുവിനെപ്പം ചേർന്നു. സമരക്കാർക്ക് നേരെ പൊലീസ് ലാത്തി വീശി.
അതേസമയം സിദ്ധാർഥന്റെ മരണത്തിലുള്ള റിമാൻഡ് റിപ്പോർട്ടിൽ അതൃപ്തി അറിയിച്ച് കുടുംബം രംഗത്ത് എത്തി. സിദ്ധാർഥന്റെ മരണം ആത്മഹത്യയാണെന്ന് വരുത്തിതീർക്കാനുള്ള ശ്രമമാണ് നടക്കുന്നതെന്നും അച്ഛൻ ജയപ്രകാശ് കുറ്റപ്പെടുത്തി. സംവരണ സീറ്റിൽ കയറിയ ആൾ എന്ന് പറഞ്ഞുള്ള അധിക്ഷേപങ്ങൾ സിദ്ധാർഥൻ നേരിട്ടിരുന്നുവെന്നും ജയപ്രകാശ് പറഞ്ഞു.
Discover more from Radio Keralam 1476 AM News
Subscribe to get the latest posts sent to your email.

