വയനാട് മുണ്ടക്കൈ ഉരുൾപൊട്ടലിൽ 49 കുട്ടികളെ കാണാതാവുകയോ മരിക്കുകയോ ചെയ്തെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി. പ്രദേശത്തെ രണ്ട് സ്കൂളുകൾ തകർന്നു. ഇക്കാര്യങ്ങൾ ഇന്ന് മുഖ്യമന്ത്രിയുമായി ഇന്ന് ചർച്ച നടത്തും. പഠനത്തിനുള്ള ബദൽ ക്രമീകരണങ്ങൾ മന്ത്രിതല ഉപസമിതിയുമായി ചർച്ച ചെയ്ത ശേഷമെന്നും മന്ത്രി അറിയിച്ചു.
വയനാട് ഉരുൾപൊട്ടൽ ദുരന്തത്തിൽ മരണ സംഖ്യ 292 ആയി ഉയർന്നു. 105 മൃതദേഹങ്ങൾ നടപടിക്രമങ്ങൾ പൂർത്തിയാക്കി ബന്ധുക്കൾക്ക് വിട്ടുനൽകി. 240 പേരെ ഇനിയും കണ്ടെത്താനുണ്ടെന്നാണ് വിവരം. 1700 പേർ ദുരിതാശ്വാസ ക്യാമ്പുകളിൽ കഴിയുകയാണ്. ഇന്നലെ നടത്തിയ തെരച്ചിലിൽ 40 മൃതദേഹങ്ങളാണ് കണ്ടെത്തിയത്. ഇന്ന് ദുരന്ത മേഖലയിൽ തെരച്ചിൽ കൂടുതൽ ഊർജിതമാക്കും. ആറ് സോണുകളായി തിരിച്ചാണ് പരിശോധന. ബെയ്‍ലി പാലത്തിലൂടെ യന്ത്രങ്ങളും ആംബുലൻസുകളും എത്തിക്കും. ചാലിയാർ പുഴയുടെ 40 കിലോമീറ്റർ പരിധിയിലും തെരച്ചിൽ നടക്കും.
മുണ്ടക്കൈ, ചൂരൽമല മേഖലയിൽ 40 ടീമുകൾ തെരച്ചിൽ നടത്തും. അട്ടമലയും ആറൻമലയും ചേർന്നതാണ് ആദ്യത്തെ സോൺ. മുണ്ടക്കൈ രണ്ടാമത്തെ സോണും പുഞ്ചിരിമട്ടം മൂന്നാമത്തേതും വെള്ളാർമല വില്ലേജ് റോഡ് നാലാമത്തേതും ജിവിഎച്ച്എസ്എസ് വെള്ളാർമല അഞ്ചാമത്തെ സോണും പുഴയുടെ അടിവാരം ആറാമത്തെ സോണുമാണ്. സൈന്യം, എൻഡിആർഎഫ്, ഡി എസ്ജി, കോസ്റ്റ് ഗാർഡ്, നേവി, എംഇജി ഉൾപ്പെടെയുള്ള സംയുക്ത സംഘമാണ് തെരച്ചിൽ നടത്തുക. ഓരോ ടീമിലും മൂന്നു നാട്ടുകാരും ഒരു വനംവകുപ്പ് ജീവനക്കാരനും ഉണ്ടാവും.
Discover more from Radio Keralam 1476 AM News
Subscribe to get the latest posts sent to your email.

